മുംബൈ: മഹാരാഷ്ട്രയിലെ പവാറിന്റെ വലംകൈയും എന്‍സിപി മന്ത്രിയുമായ നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രത്യേക കോടതി വെള്ളിയാഴ്ച പറഞ്ഞു. മാര്‍ച്ച് 3 വരെ നവാബ് മാലിക്കിനെ റിമാന്റില്‍ വെയ്ക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരായ ആരോപണത്തിന് അടിത്തറയുണ്ടെന്ന് കേസില്‍ വാദംകേള്‍ക്കുന്ന പ്രത്യേക ജഡ്ജി ആര്.എന്‍. റോകാഡെ പറഞ്ഞു. മാലിക്കിനെതിരെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരമുള്ള(പിഎംഎല്‍എ) കേസ് കേള്‍ക്കുകയായിരുന്നു കോടതി. ഈ കേസില്‍ മാലിക്കിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം മാലിക്കിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത് ബിജെപിയുടെ രാഷ്ട്രീയപകപോക്കലാണെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
എന്നാല്‍ കേസിലെ സുപ്രധാന വശങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഇഡിയുമായി നവാബ് മാലിക്ക് സഹകരിച്ചിട്ടില്ലെന്നും പിഎംഎല്‍എ കോടതി പറഞ്ഞു. ‘ഒറ്റനോട്ടത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരം നവാബ് മാലിക്കിനെതിരായ ആരോപണങ്ങള്‍ക്ക് നല്ല അടിസ്ഥാനമുണ്ടെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണമുണ്ടെന്ന് ജഡ്ജി പറഞ്ഞു. കേസ് വികസിച്ചുകൊണ്ടിരുക്കുന്ന ഒന്നായതിനാല്‍ മാലിക്കിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.
ഈ കുറ്റകൃത്യത്തിന്റെ കാര്യങ്ങള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി പരന്ന് കിടക്കുകയാണ്. അതിനാല്‍ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷഇക്കുന്നവര്ക്ക് മതിയായ സമയം നല്‍കേണ്ടത് ആവശ്യമാണെന്നും കോടതി പറഞ്ഞു.
ബുധനാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രി നവാബ് മാലിക്കിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ സഹായികളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തെ ഇഡിയുടെ മുംബൈ ഓഫീസില്‍ കൊണ്ടുപോയി. മുംബൈയിലെ നിഷ്കളങ്കരായ ചിലരുടെ ഉയര്‍ന്ന വിലയുള്ള ചില സ്വത്തുക്കള്‍ തട്ടിയെടുത്തതില്‍ ദാവൂദിന്റെ അന്തരിച്ച സഹോദരി ഹസീന പാര്‍ക്കര്‍ക്ക് ബന്ധമുണ്ടെന്നത് സംബന്ധിച്ച് ചില വസ്തുതകള്‍ ദാവൂദിന്റെ സഹോദരന് ഇഖ്ബാര്‍ കാസ്കര്‍ വെളിപ്പെടുത്തിയതായി പറയുന്നു.
ദാവൂദിനും കൂട്ടാളികള്‍ക്കുമെതിരെ എന്‍ ഐഎ ഫയല്‍ ചെയ്ത കേസിനെ അടിസ്ഥാനമാക്കിയാണ് ഇഡിയുടെ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: