തിരുവനന്തപുരം: കെഎസ്ഇബി ചെയര്മാന് ഫെയ്സ്ബുക്കില്‍ കുറിച്ചത് അവിടെ നടക്കുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ തുറന്ന് പറച്ചില് പ്രതിപക്ഷം ഡസ്കിലടിച്ച് സ്വാഗതം ചെയ്തു. ഒപ്പം ഭരണകക്ഷി യൂണിയനില്‍പ്പെട്ടവര്‍ ചെയര്‍മാനെതിരെ നടത്തിയ സമരത്തെയും തള്ളിപ്പറയുന്നതുമായി മന്ത്രിയുടെ വാക്കുകള്‍. തൊട്ടടുത്ത നിമിഷം അബദ്ധം മനസിലാക്കിയ മന്ത്രി ഉടനെ തിരുത്തി. കെഎസ്ഇബി ചെയര്മാന് സാമൂഹിക മാധ്യമങ്ങളില്‍ മറ്റ് ആരോപണം ഒന്നും ഉന്നയിച്ചിട്ടില്ലെന്നായി മന്ത്രി. ചെയര്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എല്ലാവരും കണ്ടതാണെന്നും അത് നിഷേധിക്കുന്നത് ശരിയല്ലെന്നും എന്‍. ഷംസുദ്ദീന് ചൂണ്ടിക്കാട്ടി.
വന്‍കിടക്കാരുടെ കുടിശ്ശിക പിരിച്ചെടുക്കാതെ എസ്സി, എസ്ടി കോളനികളില്‍ ബില്‍ മുടക്കം വരുത്തിയെന്ന് പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് പുനഃപരിശോധിക്കണമെന്നും എന്‍. ഷംസുദ്ദീന് ആവശ്യപ്പെട്ടു.കുടിശ്ശിക പിരിച്ചെടുക്കലും താരീഫ് പരിഷ്കരണവും തമ്മില്‍ ബന്ധമില്ല. ബോര്‍ഡിന്റെ ഏക വരുമാനം നിരക്ക് മാത്രമാണെന്നിരിക്കെ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയുള്ള നിരക്ക് പരിഷ്കരണം ബോര്‍ഡിന്റെ സേവനങ്ങളെയും മൂലധന നിക്ഷേപത്തെയും ബാധിക്കുമെന്നതിനാല്‍ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കാനുമാകില്ല. ബില്‍ തുക മുഴുവനുംവരുമാനമായി കണക്കിലെടുക്കുന്നതിനാല്‍ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക റവന്യൂ കമ്മിയില്‍ പ്രതിഫലിക്കില്ലെന്നും വൈദ്യുതി ബോര്‍ഡില്‍ സ്വകാര്യവത്കരണം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ഇബിക്ക് കുടിശ്ശിക ഇനത്തില്‍ 2771.13 കോടി പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ജല അതോറിറ്റി 1194.05 കോടിയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 76.41 കോടിയും ഗാര്‍ഹിക ഉപഭോക്താക്കള്‍ 394.48 കോടിയും സ്വകാര്യ സ്ഥാപനങ്ങള്‍ 1023.76 കോടിയും മറ്റു വിഭാഗങ്ങള്‍ 81.08 കോടിയുമാണ് നല്‍കാനുള്ളത്. ഇതില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ 1023 കോടിയില്‍ 200 കോടി കോടതി വ്യവഹാരത്തിലാണ്. പിരിച്ചെടുക്കാനുള്ള തുക വേഗത്തില്‍ പിരിച്ചെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് സ്വന്തം ചെലവില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാം. ഇതിനായി കുസും എന്ന പദ്ധതി നടപ്പാക്കും. ഇതനുസരിച്ച് കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വില്ക്കുകയോ ഉത്പാദനത്തിനായി സ്ഥലം വാടകയ്ക്ക് നല്‍കുകയോ ചെയ്യാമെന്നും മന്ത്രി കെ. കൃഷ്ണന് കുട്ടി സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: