ബെംഗളൂരു: മതമൗലികവാദി സംഘം വെട്ടിക്കൊലപ്പെടുത്തിയ ബജ്റംഗ്ദള്‍ അംഗം ഹര്‍ഷയുടെ സംസ്കാര ചടങ്ങിനിടെ നഗരത്തില്‍ മതമൗലികവാദികളുടെ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക അക്രമണം. ചടങ്ങുകള്‍ക്ക് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കല്ലേറും വാഹനങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹവും വഹിച്ചുകൊണ്ട് നടന്ന വിലാപയാത്ര എന്‍ടി റോഡില്‍ എത്തിയപ്പോള്‍ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ നടപടിയെടുക്കുകയും അക്രമികളെ തുരത്തുകയും ചെയ്തു. കൂടാതെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു. ഇതോടൊപ്പം ജാഥയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവര്‍ വഴിയൊരുക്കി.കല്ലേറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോട്ടോ ജേര്‍ണലിസ്റ്റ്, പോലീസുകാരി, സാധാരണക്കാരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ കുറഞ്ഞത് 20 വാഹനങ്ങള്‍ കത്തിച്ചതായി പോലീസ് പറഞ്ഞു.
വിലാപയാത്രയുടെ പാതയിലെ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ മുതല്‍ അടഞ്ഞുകിടന്നു. വിദ്യാനഗര്‍, ആസാദ്നഗര്‍, ക്ലാര്ക്ക്പേട്ട്, സീഗെഹട്ടി എന്നിവിടങ്ങളില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശിവമോഗയില്‍ ബജ്രംഗദള് പ്രവര്ത്തകന് ഹര്‍ഷയെ കൊലപ്പെടുത്തിയ അക്രമികളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് തൊട്ടുപിന്നാലെ കേസിന്റെ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികള്‍ ആരാണെന്ന് പോലീസിന് സൂചനയുണ്ടെന്നും പറഞ്ഞു.
നിലവില്‍ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ എത്രയും വേഗം പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമോഗയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഹര്‍ഷയെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഹര്‍ഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്കി. പൊതുമരാമത്ത് മന്ത്രി സി.സി.പാട്ടീലും ശ്രീരാമസേന പ്രവര്‍ത്തകരും പ്രമോദ് മുത്തലിക്കിനെ അനുഗമിച്ചു.
കൊലപാതകത്തിന് ഉത്തരവാദി മുസ്ലീം സംഘടനകളാണെന്ന ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയുടെ ആരോപണത്തില്‍ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബൊമ്മൈ പറഞ്ഞു. അന്വേഷണം നടക്കുമ്പോള്‍ ഒരു അഭിപ്രായവും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്വേഷണത്തിന് ശേഷം സത്യം പുറത്തുകൊണ്ടുവരുമെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: