ന്യൂദല്‍ഹി: ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നും മിസോറാം-മ്യാന്മര് അതിര്‍ത്തിയിലൂടെ തലമുടി കള്ളക്കടത്തില്‍ വന്‍ വര്‍ധന. ഇതില്‍ കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നതായി സൂചന ലഭിച്ചതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത് എത്തി. പ്രധാനമായും ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും കടത്തുന്ന തലമുടി കള്ളക്കടത്തുകാര്‍ക്ക് വന്‍ലാഭം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആന്ധ്ര, തെലുങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നാണ് തലമുടി ചൈനയിലേക്ക് പോകുന്നതെന്നറിയുന്നു. കൊള്ളലാഭമായതിനാല് അതിവേഗം കോടികള്‍ കൊയ്യാമെന്നതാണ് തലമുടി കള്ളക്കടത്തിലെ മുഖ്യആകര്‍ഷണം.ഹൈദരാബാദില്‍ നിന്നും എയര്‍ കാര്‍ഗോ വഴി നിരവധി പേര് തലമുടി അയയ്ക്കുന്നുണ്ട്. പക്ഷെ ബില്ലില്‍ വളരെ ചെറിയ തുക മാത്രമാണ് കാണിക്കുക. തലമുടി നിറച്ച ട്രക്കുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മിസോറാം, മ്യാന്മര് വഴി ചൈനയിലേക്ക് കടത്തുകയാണ് പതിവ്. ഈ റൂട്ട് ഉപയോഗിച്ച് അടക്ക, സുപാരി കടത്തും നടക്കുന്നതായി പറയുന്നു. ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി ചില സൂചനകള്‍ ലഭിച്ചതിന്റെ ഭാഗമായാണ് ഇഡി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ചൈനീസ് ബെറ്റിംഗ് ആപുകളുടെ ഫണ്ടിന്റെ വഴി തേടി ഇഡി നടത്തിയ അന്വേഷണത്തിലാണ് തലമുടി കള്ളക്കടത്ത് നടത്തുന്ന ലോക്കല്‍ തലമുടി വ്യാപാരികള്‍ക്ക് ഹവാല പണം വരുന്നതായി കണ്ടെത്തിയത്.ഇതുവരെ കണ്ടെത്തിയതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി വിശദീകരിക്കുന്നത്.
ഇക്കാര്യത്തില്‍ തെലുങ്കാനയിലെ ഹൈദരാബാദില്‍ ചില ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലും ഇതിന്റെ കണ്ണികളുള്ളതായി കണ്ടെത്തി. വൈകാതെ അസമിലെ ഗുവാഹത്തി, മിസോറാമിലെ ഐസ്വാള്‍,ചംഫായി എന്നിവിടങ്ങളില്‍ വരെ കണ്ണികളെ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, 2002 പ്രകാരം 130 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
മിസോറാം-മ്യാന്മര് അതിര്‍ത്തിയിലെ ചംഫായ് ടൗണ്‍ സ്വദേശിയായ ലുകാസ് തംഗ് മംഗ്ലിയാന എന്ന ഒരാളെ തിരയുകയാണ്. വന്‍ലാഭം കൊയ്യാന്‍ കഴിയുന്ന തലമുടി കള്ളക്കടത്തിലെ ഇന്ത്യയിലെ മുഖ്യആസൂത്രകന് ലുകാസ് ആണെന്ന് ഇഡി സംശയിക്കുന്നു.
ഇക്കഴിഞ്ഞ ഫിബ്രവരി 9,10 തീയതികളില്‍ ഹൈദരാബാദ്, മിസോറാമിലെ ഐസ്വാള്‍, ചംഫായ് പ്രദേശങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 1.20 കോടി രൂപയും കുറ്റം ചാര്‍ത്താവുന്ന വിവിധ രേഖകളും കണ്ടെത്തി.
ലുകാസ് ഒളിവിലാണ്. ചംഫായിലെ ലുകാസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലും നിരവധി അനധികൃത രേഖകള്‍ കണ്ടെത്തി. ഐസ്വാളില് താരി എന്റര്‍പ്രൈസ്സ്, ചംഫായി ടൗണില്‍ സണ്‍ മൂണ്‍ ഹ്യൂമന്‍ ഹെയര്‍, സെന്റ് മേരിസ് ജെം ഇന്‍ഡസ്ട്രീസ് എന്നീ ഓഫീസുകളിലും റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: