കല്പറ്റ: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ വിധിച്ചു. പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ വാദം ശരിവച്ചുകൊണ്ടാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം നൽകണമെന്ന് കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: