ലക്നൗ: പൊതുവേദിയില്‍ പാര്‍ട്ടിപ്രവര്‍ത്തകന്റെ കാല് തൊട്ടു വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെകാല് തൊട്ടുവണങ്ങാന്‍ ഒരുങ്ങിയ ബിജെപി നേതാവിനെ തടഞ്ഞ് ശകാരിച്ച ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകന്റെ പാദം തൊട്ട് മോദി വണങ്ങിയത്.
പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ ബിജെപിയുടെ യുപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ബിജെപിയുടെ ഉന്നാവ് ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാര്‍ എന്നിവര്‍ അദ്ദേഹത്തെ ശ്രീരാമന്റെ വിഗ്രഹം നല്കി സ്വാഗതം ചെയ്തു. ഇതിന് ശേഷമായിരുന്നു അവധേഷ് കത്യാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല് തോട്ടുവണങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ ഉടന്‍ തന്നെ പ്രധാനമന്ത്രി ഇയാളെ തടയുകയാണുണ്ടായത്. തന്റെ കാലില്‍ തൊട്ടുവണങ്ങരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് നിര്‍ദേശം നല്കിയ പ്രധാനമന്ത്രി തന്റെ കാല് തോട്ടുവണങ്ങാന്‍ ഒരുങ്ങിയ അവധേഷ് കത്യാറുടെ പാദം തൊട്ടു വണങ്ങുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ബിജെപി നേതാവായ അരുണ്‍ യാദവ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. മോദിജിക്ക് മാത്രമേ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാല് തൊട്ടുവണങ്ങാന്‍ കഴിയുകയുള്ളൂ, എന്ന അടിക്കുറിപ്പോടെ അരുണ്‍ യാദവ് പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: