ന്യൂദല്‍ഹി: ഉക്രൈനില്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യന്‍ പൗരന്മാരോട് താല്‍ക്കാലികമായി രാജ്യം വിടാന്‍ വീണ്ടും നിര്‍ദ്ദേശം. കൈവിലെ ഇന്ത്യന്‍ എംബസിയാണ് ഇന്ന് വീണ്ടും ഈ നിര്‍ദ്ദേശം നല്‍കിയത്. ഉക്രൈനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് മടങ്ങിവരാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയത്.
ഉക്രൈനില്‍ സ്ഥിതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തലത്തിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാല്‍, താമസം അനിവാര്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരോടും എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഉക്രൈന് താല്‍ക്കാലികമായി വിടാന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ലഭ്യമായ വാണിജ്യ വിമാനങ്ങളും ചാര്‍ട്ടര്‍ ഫ്ളൈറ്റുകളും യാത്രയ്ക്ക് പ്രയോജനപ്പെടുത്താം. ചാര്‍ട്ടര്‍ ഫ്ളൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കരാറുകാരുമായി ബന്ധപ്പെടണമെന്നും എംബസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങള്‍ക്കായി എംബസിയുടെ ഫെയ്സ്ബുക്ക്, വെബ്സൈറ്റ്, ട്വിറ്റര്‍ എന്നിവ പിന്തുടരുന്നത് തുടരാനും വാര്‍ത്താക്കുറിപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
താല്‍ക്കാലികമായി ഉക്രൈനില്‍ വിടാന്‍ ഫെബ്രുവരി 15നും ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഉക്രൈനിലുള്ളവരുടെ വിശദവിവരങ്ങള്‍ കൈമാറാനും എംബസി നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമായ സഹായങ്ങളും വിവരങ്ങളും നല്‍കുന്നതിനായി എംബസിയില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ദല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തില്‍ കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിനായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാനങ്ങളുടെ എണ്ണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും കേന്ദ്രവ്യോമയാന മന്ത്രാലയം നീക്കിയിരുന്നു.
ഫെബ്രുവരി 22, 24, 26 തീയതികളില്‍ ഇന്ത്യയ്ക്കും ഉക്രൈനും ഇടയില്‍ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ബോറിസ്പില് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെടുക. എയര്‍ ഇന്ത്യ ബുക്കിംഗ് ഓഫീസുകള്‍, വെബ്സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ബുക്കിംഗ് ആരംഭിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: