കൊട്ടാരക്കര/ശാസ്താംകോട്ട: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എസ്എഫ്ഐകെഎസ്യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടപടികള്‍ ശക്തമാക്കി കൊല്ലം റൂറല്‍ പോലീസ്. ശാസ്താംകോട്ട, ഈസ്റ്റ് കല്ലട, പുത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ എടുത്തിട്ടുള്ള കേസുകളില്‍ 16 പേര് അറസ്റ്റിലായി.
കെഎസ്യുക്കാരായ നാദിര്‍ഷ, അനസ് ഖാന് എസ്എഫ്ഐക്കാരായ സുധീന്ദ്രനാഥ്, അമല്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. എല്ലാവരെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊല്ലം റൂറലില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 151 സിആര്‍പിസി അനുസരിച്ച് എണ്‍പതോളം കേസുകള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ ഭാഗങ്ങളില്‍ നിന്നായി 99 ഓളം പേരെ കരുതല്‍ തടങ്കലില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ.ബി. രവിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജില്ലയിലെ സ്ഥിതിഗതികള്‍ ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തി നടപടികള്‍ സ്വീകരിച്ച് വരികയാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയില്‍ പോലീസ് പരിശോധന ഉണ്ടായിരിക്കുമെന്നും കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സംഘര്‍ഷത്തില്‍ പത്തോളം വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളും വഴിപോക്കരും അടക്കം 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, കലാപത്തിന് പരസ്യമായി നേതൃത്വം കൊടുത്ത ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ, പ്രാദേശിക നേതാക്കള്‍ അടക്കമുള്ള അക്രമിസംഘത്തിലെ ഒരാളെ പോലും പോലീസിന് പിടികൂടാനായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കൊല്ലം റൂറല്‍ എസ്പി കെ.ബി രവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ശാസ്താംകോട്ടയില്‍ ക്യാമ്പ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: