ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ബോധപൂര്‍വ്വം അവഹേളിക്കാനും ഗവര്‍ണറുടെ പദവിയെ ഇടിച്ചുതാഴ്ത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് ആരോപിച്ചു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസ്ഥാരിക്കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കുന്നതിലുണ്ടായ കാലതാമസം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാക്കി. ഗവര്‍ണറുടെ അവകാശത്തില്‍ കൈകടത്താനാണ് സര്‍ക്കാര്‍ ശ്രമം.
ഗവര്‍ണറുടെ അധികാരപരിധിയില്‍ വരുന്ന നിയമനകാര്യത്തില്‍ പൊതുഭരണസെക്രട്ടറി എഴുതിയ കത്ത് സര്‍ക്കാര്‍ രാജ്ഭവനെ ഭരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ സമീപനമാണ് പ്രതിസന്ധിക്ക് കാരണം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥന്മാര് ഇനിയെങ്കിലും അത്തരം ശ്രമങ്ങള്‍ക്ക് മുതിരരുത്.
ഗവര്‍ണറുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണോ പൊതുഭരണ സെക്രട്ടറി കത്തയച്ചതെന്നും മന്ത്രി ചോദിച്ചു. രാജ്ഭവനെ ഭരിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി ശ്രമിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും.
പാര്‍ട്ടി കേഡറുകളെ സ്വന്തം സ്റ്റാഫുകളാക്കി ജീവിതകാലം മുഴുവന്‍ പെന്ഷന് നല്കാന് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമമാണ് ഗവര്‍ണര്‍ ചൂണ്ടികാണിച്ചത്. കേരളത്തില്‍ മാത്രമുള്ള സ്ഥിതിയാണിത്. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇതില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഗവര്‍ണറെ ചോദ്യം ചെയ്യുന്നതിന്റെ കാരണവും ഇതാണ്.
നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു എന്നതുകൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെടില്ലെന്ന് കരുതരുത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും സ്റ്റാഫില്‍ രാഷ്ട്രീയക്കാരെ നിയമിക്കുന്നത് ഏത് നിയമത്തിന്റെയും കീഴ്വഴക്കത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇത് ചോദ്യം ചെയ്യപ്പെടണമെന്നാണ് അഭിപ്രായമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: