ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതി പരമ്പരയില്‍ ഒന്നുകൂടി വെളിച്ചത്താവുകയാണ്. മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഭരണകാലത്ത് ഇടുക്കി ജില്ലയില്‍ മാത്രം മൂന്നിടത്ത് കെഎസ്ഇബിയുടെ ഏക്കറു കണക്കിന് ഭൂമി സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് നിബന്ധനകള്‍ പാലിക്കാതെ പാ
ട്ടത്തിനു നല്കിയതും പ്രതിവര്‍ഷം പന്ത്രണ്ടുകോടി രൂപ അധിക ചെലവ് വരുന്ന വിധത്തില്‍ കെഎസ്ഇബിയില്‍ അനധികൃത നിയമനം നടത്തിയതും യൂണിയന് നേതാക്കള്‍ വഴി കരാറുകാര്‍ക്ക് ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്കിയതുമൊക്കെയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മന്ത്രിയായിരിക്കെ എം.എം.മണിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതോടെ വൈദ്യുതി ഭവനിലേക്ക് തിരിച്ചെത്തുകയും ചെയ്തിരിക്കുന്ന ഇടതു യൂണിയന് നേതാവിനെ കേന്ദ്രീകരിച്ചാണ് പല ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നത്. ബോര്‍ഡ് ആസ്ഥാനത്തെ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാ സേനയെ നിയോഗിച്ചതടക്കം കെഎസ്ഇബി ചെയര്മാന് ബി. അശോക് നടത്തുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ ഇടതു യൂണിയന് സമരത്തിനിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് അഴിമതിയുടെയും ക്രമക്കേടുകളുടെയുമൊക്കെ കഥകള്‍ പുറംലോകം അറിയാന്‍ തുടങ്ങിയിരിക്കുന്നത്. ചെയര്മാന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങളെല്ലാം വിളിച്ചു പറഞ്ഞതോടെ ഇടതുയൂണിയന്‍ നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്. ചെയര്‍മാനെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് യൂണിയന് നേതാക്കള്‍.
ഭരണം ലഭിക്കുമ്പോഴൊക്കെ ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ കറപ്ഷന്‍’ നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണാധികാരികളും ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയന് നേതാക്കളുമൊക്കെ ചേര്‍ന്നുള്ള ഒരു ദൂഷിത വലയം വളരെ ആസൂത്രിതമായാണ് ഇത് നടത്തുക. ഐക്യകേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ചിട്ടുള്ളതാണിത്. ഇ.കെ. നായനാരുടെ ഭരണകാലത്തും വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്തും ഇത്തരം അഴിമതികള്‍ നടത്തുന്നതില്‍നിന്ന് സിപിഎം വിട്ടുനിന്നിട്ടില്ല. പിണറായി വിജയന് പ്രതിയായ എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസ് കുപ്രസിദ്ധമാണല്ലോ. ഇങ്ങനെയുള്ള അഴിമതികള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന മട്ടിലാണ് സിപിഎം പെരുമാറാറുള്ളത്. ഇടതുഭരണ കാലത്തു നടക്കുന്ന സംഘടിതമായ ഇത്തരം അഴിമതികളെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് പിന്നീട് ഭരണം ലഭിക്കുമ്പോഴും ശരിയായ അന്വേഷണം നടത്താറില്ല. അവര്‍ക്കും അഴിമതി നടത്താനുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എസ്എന്‍സി ലാവ്ലിന് കേസായാലും സോളാര്‍ കേസായാലും പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ അന്വേഷിച്ചില്ലല്ലോ. ഇടത്-വലതു മുന്നണികളെ നയിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള തന്ത്രപരമായ ധാരണയാണിത്. ചിലപ്പോഴൊക്കെ ഈ ധാരണ തെറ്റാറുണ്ടെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇരുപക്ഷത്തും ആളുകളുണ്ട്. ഇതില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പലപ്പോഴും ബലിയാടാകേണ്ടി വരികയും ചെയ്യുന്നു.
സത്യസന്ധനെന്നും ധീരനെന്നും പേരെടുത്ത ഉദ്യോഗസ്ഥനാണ് ബി. അശോക് ഐഎഎസ്. ഏതു പദവിയിലിരുന്നാലും സുതാര്യമായും നിയമപരമായും പ്രവര്‍ത്തിക്കുന്നത് ശീലമാക്കിയയാള്. അതിനാല്‍തന്നെ രാഷ്ട്രീയ പകപോക്കലിന് ഇരയാകേണ്ടി വന്നയാളുമാണ്. നിരന്തരമായ സ്ഥലം മാറ്റത്തിനും വിധേയനായിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങാത്ത ഇത്തരമൊരു ഉദ്യോഗസ്ഥന് കെഎസ്ഇബിയുടെ തലപ്പത്ത് എത്തിയത് ഇടതുയൂണിയന്‍ നേതാക്കളെ കുറച്ചൊന്നുമല്ല അരിശംകൊള്ളിക്കുന്നത്. ഇങ്ങനെയൊരാള്‍ മുകളിലിരിക്കെ മുന്‍കാലങ്ങളിലേതുപോലെ അഴിമതിയും ക്രമക്കേടുകളും നടത്താനാവില്ലെന്നതു തന്നെ കാരണം. കെഎസ്ഇബിയില്‍ നടന്നതായി കരുതപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വളരെ ഗുരുതരമായ ആരോപണങ്ങളാണ് ചെയര്മാന് ഉന്നയിച്ചിരിക്കുന്നത്. താന്‍ സര്‍ക്കാരിനെയല്ല, യൂണിയനുകളെയാണ് വിമര്‍ശിച്ചതെന്ന് ചെയര്മാന് പറയുന്നത് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് എത്രത്തോളം സ്വീകാര്യമാവും എന്ന് കണ്ടറിയണം. ബി. അശോകിനെ അനുകൂലിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തു വന്നിട്ടുണ്ടെങ്കിലും മുന്‍മന്ത്രി എം.എം. മണി രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. മടിയില്‍ കനമുള്ളവന്റെ ഭയമാണിതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുന്‍ മന്ത്രിയും ഇടതുയൂണിയനുകളും എന്തുതന്നെ പറഞ്ഞാലും ഗുരുതരമായ ആരോപണങ്ങളാണ് കെഎസ്ഇബി ചെയര്മാന് ഉന്നയിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അഴിമതി കര്‍മപരിപാടിയാക്കിയിരിക്കുന്ന പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാവുമെന്നു കരുതാനാവില്ല. കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: