അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് കാട്ടി വനം വകുപ്പ് സൂചനാ ബോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് ദേശീയപാതയോരങ്ങളില്‍ ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
10 കിലോമീറ്റര്‍ ദൂരത്തിലാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം വനമേഖലയില്‍ വര്‍ധിച്ചതായും, യാത്രക്കാരുടെ ജീവന്റെ സുരക്ഷ കണക്കിലെടുത്താണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
ഇതിനെതിരേ വ്യാപാരി വ്യവസായികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നേര്യമംഗലം മുതലുള്ള വനമേഖലയില്‍ നിരവധി വ്യാപാരികളാണ് കച്ചവടം നടത്തുന്നത്. ഇവരുടെയെല്ലാം ജീവിത മാര്‍ഗം അടയുന്ന നടപടിയാണ് വനപാലകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അടിമാലി യൂണിറ്റ് പ്രസിഡന്റ് ഡയസ് പുല്ലന് പറഞ്ഞു.
ചീയപാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപത്തും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചീയപാറ വെള്ളച്ചാട്ടത്തിന് സമീപത്ത് മാത്രം നിരവധി വ്യാപാരികള്‍ ഉണ്ട്. വനം വകുപ്പ് നടപടിക്കെതിരേ വിവിധ സംഘടനകള്‍ വരും ദിവസങ്ങളില്‍ പ്രതിഷേധ സമരത്തിന് തയ്യാറെടുക്കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ചീയപാറ വെള്ളച്ചാട്ടം വനം വകുപ്പ് വേലികെട്ടിതിരിച്ചിരുന്നു. ഇതിനെതിരേ അന്ന് വിവിധ സംഘടനകള്‍ സമരം നടത്തി. വേലിക്കെട്ടുകള്‍ അന്ന് നീക്കംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: