അമ്പലപ്പുഴ: ഒരു സംഘം ഉദ്യോഗസ്ഥരുടെ പീഡനം സഹിക്ക വയ്യാതെ പ്രവാസിയുടെ സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നു. കോടികള്‍ മുടക്കിയ പദ്ധതിക്ക് തുരങ്കം വച്ചത് സിപിഎം ഭരിക്കുന്ന തകഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍. എടത്വ ചെക്കിടിക്കാട് മെതിക്കളത്തില്‍ ഷിബു ഫിലിപ്പ് ചെറിയാനാണ് ഉദ്യോഗസ്ഥരുടെ ക്രൂരതയില്‍ വലയുന്നത്. തന്റെ ദുരവസ്ഥ വിവരിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.
ഇരുപത്തിരണ്ടു വര്‍ഷത്തോളം വിദേശത്ത് ജോലി നോക്കിയിരുന്ന ഫിലിപ്പ് ചെറിയാന് 2020ലാണ് നാട്ടില്‍ തിരിച്ചെത്തി തകഴിയില്‍ നൂറോളം പേര്‍ക്ക് ജോലി ലഭിക്കാവുന്ന വില്ലേജ് മാള്‍ എന്ന സംരംഭത്തിന് തുടക്കമിട്ടത്. പത്തു കോടിയോളം ചെലവു വരുന്ന പദ്ധതിയായിരുന്നു വില്ലേജ് മാള്‍. ഇതിന്റെ പ്രാരംഭമായി ഒരു കോടി രൂപ വകയിരുത്തി കെട്ടിട നിര്‍മാണവും ആരംഭിച്ചു. കെട്ടിട നിര്‍മാണത്തിന്റെ തുടക്കത്തില്‍ എല്ലാവിധ പിന്തുണയും പഞ്ചായത്ത് ജീവനക്കാരും മറ്റ് അധികൃതരും നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കാന്‍ പഞ്ചായത്തില്‍ എത്തിയപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും ഓവര്‍സിയറും പദ്ധതിക്കെതിരേ രംഗത്തുവരികയും ഇതിവിടെ നടക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു.
ഇതോടെ ഡെപ്യൂട്ടി കളക്ടര്‍, ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. പരാതി സ്വീകരിച്ച മേലുദ്യോഗസ്ഥര്‍ ഫിലിപ്പിന് അനുകൂലമായി സംസാരിക്കുകയും എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്തു. എന്നിട്ടും തകഴി പഞ്ചായത്ത് ജീവനക്കാര്‍ ഫിലിപ്പിനെ ഭീഷണിപ്പെടുത്തുകയും ആരെല്ലാം പിന്തുണച്ചാലും പദ്ധതി നടത്തിക്കില്ലെന്ന വാശിയില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു. ഇതില്‍ ഒരു ജീവനക്കാരന് മുഖേന ഈ കെട്ടിടം വില്‍ക്കുന്നുണ്ടോ എന്നാരാഞ്ഞ് മറ്റൊരു വ്യവസായി തന്നെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഫിലിപ്പ് പറയുന്നു.
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരം സംരംഭങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമെന്നും സംശയമുണ്ട്. പ്രവാസികള്‍ പുതിയ സംരംഭവുമായി എത്തുമ്പോള്‍ ഇത്തരം കൂട്ടുകെട്ടിലൂടെ അവരെ തകര്‍ക്കുകയാണ് ചില ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും ഫിലിപ്പ് പറയുന്നു. താന്‍ ഇവിടെ മുടക്കുന്ന തുക വിദേശത്ത് മുടക്കിയാല്‍ ഇതിലേറെ പ്രയോജനം ലഭിക്കും. അവിടെ സംരംഭകര്‍ക്ക് പാര പണിയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകില്ല. സ്വന്തം നാട്ടില്‍ കുറെ പേര്‍ക്ക് തൊഴില്‍ ലഭിക്കട്ടെയെന്നു മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: