കൊല്‍ക്കൊത്ത: മമതയുടെ പിന്‍ഗാമിയായി തൃണമൂലിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുമെന്ന് കരുതിയ മരുമകന് അഭിഷേക് ബാനര്‍ജിയെ സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി മമത. ഇതോടെ തൃണമൂലിലെ പാളയത്തില്‍ പട രൂക്ഷമാവുകയാണ്. അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ അംഗങ്ങളായ ദേശീയ ഭാരവാഹികളെ മുഴുവന്‍ മമത പിരിച്ചുവിട്ടു. പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെട്ടിരുന്നു അഭിഷേക് ബാനര്‍ജിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും നഷ്ടമായി.
പാര്‍ട്ടിയില്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന അഭിഷേക് ബാനര്‍ജിയുടെ ആശയത്തെ തൃണമൂലിലെ സീനിയര്‍ നേതാക്കള്‍ എതിര്‍ക്കുന്നതാണ് പ്രശ്നമായിരിക്കുന്നത്. ഭിന്നത രൂക്ഷമായാല്‍ അഭിഷേക് ബാനര്‍ജി തൃണമൂല്‍ വിട്ടേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നു. തൃണമൂലിലെ സീനിയര്‍ നേതാക്കള്‍ക്കൊപ്പം നിന്ന് മരുമകനെ പുറത്താക്കിയെങ്കിലും വൈകാരികമായി ഏറെ അടുപ്പമുള്ള അഭിഷേക് ബാനര്‍ജിയെ നീക്കിയത് മമതയെ വൈകാരികമായി തളര്‍ത്തും.
പാര്‍ട്ടിയില്‍ ഒരാള്‍ രണ്ട് പദവി വഹിക്കുന്നതിനെതിരെ തൃണമൂലില്‍ യുവനേതാക്കളില്‍ നിന്നും നല്ല എതിര്‍പ്പുണ്ടായിരുന്നു. ഇതിന് അഭിഷേക് ബാനര്‍ജിയുടെ അനുഗ്രഹാശ്ശിസുകളും ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്ന സീനിയര്‍ നേതാക്കള്‍ക്ക് ഇത് ദഹിച്ചിരുന്നില്ല. ഇതും അവര്‍ അഭിഷേക് ബാനര്‍ജിക്ക് എതിരെ തിരിയാന്‍ കാരണമായി.
അഭിഷേക് ബാനര്‍ജിയുടെ കടുംപിടുത്തം മമതയ്ക്കും അത്ര രുചിക്കുന്നുണ്ടായിരുന്നില്ല. ഇതുതന്നെയായിരുന്നു സീനിയര്‍ നേതാക്കളുടെയും പരാതി. ഉത്തര്‍പ്രേദശില്‍ സമാജ് വാദി പാര്‍ട്ടിക്കായി പ്രചാരണം നടത്താന്‍ പോകുമ്പോള്‍ ഗോവയില്‍ കൂടി പ്രചാരണത്തിന് പോകുമോ എന്ന പത്രപ്രവര്‍ത്തകര്‍ മമതയോട് ചോദിച്ചിരുന്നു. ഇതിന് ഗോവയില്‍ ‘മറ്റു ചിലര്‍ അത് ചെയ്യുന്നുണ്ടെ’ന്നായിരുന്നു മമതയുടെ മറുപടി. മറ്റു ചിലയാളുകള്‍ എന്നത്കൊണ്ട് മമത ഉദ്ദേശിക്കുന്നത് അഭിഷേകിനെയാണെന്നും സൂചനയുണ്ട്. കാരണം ഗോവയിലെ തെരഞ്ഞെടുപ്പിന്റെ ചുമതല തൃണമൂല്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത് അഭിഷേക് ബാനര്‍ജിയെയാണ്.
ബംഗാളില്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര വിഷയങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് തന്ത്രഞ്ജന് പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന സംഘടനയുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിലും ചില അഭിപ്രായഭിന്നതകള്‍ തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഈയിടെ പ്രശാന്ത് കിഷോറിന്റെ ഐപാകുമായുള്ള ബന്ധം തൃണമൂല്‍ ഉപേക്ഷിക്കുകയാണെന്ന് വരെ പ്രചാരണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: