ബെംഗളൂരു: ഇസ്ലാമില്‍ ഹിജാബ് അനിവാര്യമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ യൂണിഫോമിന്റെ കൂടെ ഒരു മത വസ്ത്രവും സ്കൂളില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് ബൊമ്മൈ സര്‍ക്കാര്‍. ഹിജാബ് കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ച ഉടനാണ് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരുവിധത്തിലുള്ള ജാതി,മത പരിഗണനയും നല്‍കില്ല.
അവര്‍ വിദ്യ അഭ്യസിക്കാന്‍ വരുന്ന പഠിതാക്കള്‍ മാത്രമാണ്. അവിടെ മറ്റൊരു വേര്‍തിരിവും ഉണ്ടാകാതിരിക്കാനാണ് യൂണിഫോമുകള്‍ അതത് സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാദം കേള്‍ക്കലിന്റെ നാലാം ദിവസമാണ് കോടതിയില്‍ സര്‍ക്കാര്‍ ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്. കേസ് കേള്‍ക്കുന്ന മൂന്നംഗ ബെഞ്ചില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരും ഉള്‍പ്പെടുന്നു.
പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനും വിദ്യാഭ്യാസം തുടരാനും അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍, ഇസ്ലാമില്‍ ഹിജാബ് അനിവാര്യമാണോ എന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തു. ഉഡുപ്പി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെയാണ് ഹാജരായത്. കുന്ദാപുരയില്‍ നിന്നുള്ള ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്താണ് ഹാജരായത്.
അതേസമയം സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനായി പ്രാദേശിക ഭരണകൂടവും നേതാക്കളും തമ്മില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയിലെ സ്കൂളുകള്‍ ഇന്ന് വീണ്ടും തുറന്നത്. നേരത്തെ, ഹിജാബ് വിവാദത്തെക്കുറിച്ച് ചില രാജ്യങ്ങള്‍ നടത്തിയ അഭിപ്രായങ്ങളോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: