കൊല്ലം: കൃഷിഭവനുകളിലും രാഷ്ട്രീയ സ്വാധീനത്താല്‍ ആനൂകൂല്യങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സജീവമായി. അടുത്തിടെയായി കൃഷിഭവനില്‍ നിന്നുള്ള അറിയിപ്പുകള് നല്കുന്നതില്നിന്നും പത്രമാധ്യമങ്ങളെ ഒഴിവാക്കി. സാമൂഹികമാധ്യമങ്ങള്‍ വഴിയാക്കി മാറ്റിയതോടെയാണ് ഇത്തരം സംഘങ്ങള്‍ സജീവമായത്.
ഇപ്പോള്‍ കൃഷി ഓഫിസര്‍ അഡ്മിന് ആയിട്ടുള്ള കൃഷിഭവന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് അറിയിപ്പ് വരുന്നത്. ആനുകൂല്യങ്ങളും പദ്ധതികളുമെല്ലാം വാട്സാപ്പ് ഗ്രൂപ്പിലിടും. അഡ്മിന് ഒണ്‍ലി ഗ്രൂപ്പായതിനാല് തിരിച്ചങ്ങോട്ട് ചോദ്യമൊന്നും വേണ്ട. കാണേണ്ടവര്‍മാത്രം കണ്ടാലും അറിഞ്ഞാലും മതി. ഇതൊന്നുമില്ലാത്ത സാധാരണ കര്‍ഷകര്‍ ഒന്നുമറിയേണ്ട. അറിഞ്ഞാല്‍ തന്നെ കൃഷിഭവനിലെത്തുമ്പോഴേക്കും എല്ലാ ആനുകൂല്യങ്ങളും വീതിച്ചു കഴിയും.
ജില്ലയിലെ ഒരു കൃഷിഭവനില്‍ ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം തൈകള്‍ കൃഷിഭവനില്‍ 20 രൂപ ഗുണഭോക്തൃവിഹിതം അടച്ചാല്‍ കിട്ടുമെന്ന അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൃഷിഭവന് ഗ്രൂപ്പില്‍ വന്നത്. ഫലവൃക്ഷത്തൈകളുടെ വിതരണവും അപ്പോള്‍ത്തന്നെ തുടങ്ങി. കര്‍ഷകരാവട്ടെ ഇതൊക്കെ വാട്സാപ്പ് തുറന്നുനോക്കി അറിഞ്ഞുവന്നപ്പോഴേക്കും തൈകളൊക്കെ തീര്‍ന്നിരുന്നു.
ഗ്രൂപ്പില്‍ ഉണ്ടായിരുന്ന കര്‍ഷക സംഘം നേതാവ് സിപിഎമ്മിന്റെ ഗ്രൂപ്പിലേക്ക് മെസേജ് ഫോര്‍വേഡ് ചെയ്ത് വ്യാജകര്‍ഷകര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയായിരുന്നു. അത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് എത്തുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സ്ഥിരം ആളുകള്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചുണ്ടെന്നാണ് കര്‍ഷകരുടെ ആരോപണം.
പാടശേഖരസമിതി, കുരുമുളക് സമിതി, നാളീകേര സമിതി എന്നിങ്ങനെ വാര്‍ഡുകള്‍തോറുമുള്ള കര്ഷകക്ഷേമസമിതികളെല്ലാം ഉണ്ടെങ്കിലും എല്ലാത്തിന്റെയും ഭാരവാഹികള്‍ സഖാക്കള്‍ തന്നെയാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി സിപിഎം നേതാവാണ് കര്‍ഷകസമിതികളുടെ അധ്യക്ഷന്‍. ഇദ്ദേഹം മുഖേനയാണ് കൃഷി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുവരുന്നത്. ഇപ്പോഴാണ് അതിനൊരു മാറ്റമുണ്ടായത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് അറിയുംമുമ്പ് സഖാക്കള്‍ക്ക് പ്രത്യേകമായുള്ള ഗ്രൂപ്പുകള്‍വഴി അറിയിക്കും.
അര്‍ഹര്‍ക്കുള്ള സഹായധനപദ്ധതികളെല്ലാം ഇങ്ങനെ വഴിമാറുകയാണ്. ഇതെല്ലാം ആദ്യമണിക്കൂറില്‍ത്തന്നെ സ്വന്തമാക്കാനും സ്ഥിരം കക്ഷികളുള്ളതിനാല്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങളെല്ലാം എളുപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: