കുന്നത്തൂര്‍: ശാസ്താംകോട്ട തടാകതീരത്തെ കുന്നിടിച്ച് ലോഡുകണക്കിന് മണ്ണ് കടത്തുകയും തടാകത്തിലേക്കുള്ള നീര്ച്ചാല് നികത്തുകയും ചെയ്ത സംഭവത്തില്‍ തുടര്‍നടപടികളെടുക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി ആരോപണം.
ടൗണില്‍ ഭരണിക്കാവ് റോഡില്‍ മുസ്ലീംപള്ളിക്ക് സമീപത്തെ തട്ടുതട്ടുകളായി തടാകതീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്തുവില്‍ നിന്നാണ് ദിവസങ്ങളായി മണ്ണ് കടത്തിയത്. വസ്തുവിലേക്കുള്ള വഴി തെളിക്കുന്നതിന് അധികൃതര്‍ നല്കിയ അനുമതി ദുരുപയോഗം ചെയ്താണ് സ്ഥലമുടമ കുന്നിടിച്ച് മണ്ണ് കടത്തിയത്. ഇതിന് ചില റവന്യൂ, പഞ്ചായത്ത്, പോലീസ് അധികാരികളുടെ ഒത്താശ ഇയാള്‍ക്കുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റോഡിലൂടെയും മറ്റും ഒഴുകി വരുന്ന മഴവെള്ളം തടാകതീരത്തെ പട്ടരുകുഴിയിലെ കിണറില്‍ എത്തുമായിരുന്നു. ഇതിനായി ഉണ്ടായിരുന്ന നീര്‍ച്ചാലാണ് സ്ഥലം ഉടമ നികത്തിയത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.
ഇതിനിടെ നീര്ച്ചാല് നികത്തി നിര്‍മിച്ച റോഡിലൂടെ ലോഡുകണക്കിന് മണ്ണ് കടത്തിക്കൊണ്ട് പോയിരുന്നു. നാട്ടുകാരുടെ പരാതി കളക്ട്രേട്രേറ്റില്‍ എത്തിയതിന് ശേഷമാണ് ശാസ്താംകോട്ടയിലെ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ ഉണര്‍ന്നത്. സ്ഥലം ഉടമയ്ക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി. നീര്ച്ചാല് പുന:സ്ഥാപിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. നീര്ച്ചാല് പുനസ്ഥാപിക്കാന്‍ മണ്ണുമാന്തി യന്ത്രവുമായി എത്തിയ ഉദ്യോഗസ്ഥരെ സ്ഥലം ഉടമ തടഞ്ഞു. പോലീസില്‍ വിവരം അറിയിച്ചിട്ടും ഇരുകൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ നിര്‍ദേശിച്ച് അവരും മടങ്ങി. വില്ലേജ്, പഞ്ചായത്ത് ഓഫീസുകളുടെ വിളിപ്പാടകലെ നടന്ന നിയമ ലംഘത്തില്‍ തുടര്‍നടപടികളെടുക്കാതെ അധികൃതരും പിന്‍വാങ്ങിയ മട്ടാണ്. ഇന്ന് എഡിഎം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. പഞ്ചായത്ത്- വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് തടാകത്തിന്റെ വൃഷ്ടി പ്രദേശമായ കുന്നുംചെരുവ് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി മണ്ണ് കടത്തിയെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരെശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കി.
ശക്തമായ നടപടി വേണം
തടാക തീരത്തെ കുന്നിടിക്കലും അനധികൃത നിര്‍മാണവും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. തടാക തീരത്ത് 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ നിര്‍മാണവും നടത്തരുതെന്ന കളക്ടറുടെ ഉത്തരവ് നിലവില്‍ ഉള്ളപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ നിയമലംഘനം. കെയേറി നികത്തിയ നീര്ച്ചാല് പൂര്‍വസ്ഥിതിയിലാക്കണമെന്നും അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
ആര്. ശ്രീനാഥ്, മണ്ഡലം പ്രസിഡന്റ്, ബിജെപി
പ്രതികരിക്കാൻ ഇവിടെ എഴുതുക: