തിരുനല്‍വേലി: അനധികൃത മണല്‍ ഖനന കേസില്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പത്തനംതിട്ട സിറോ മലങ്കര സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്‍. മോഷണം, ക്രിമിനല്‍ ഗൂഢാലോചന, ചതി, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.
താമ്രപര്‍ണി നദിയില്‍ നിന്ന് അനധികൃമായി മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെയും അഞ്ചു വികാരിമാരെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തിരുനല്‍വേലി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ ഗുരുതരമായതോടെ ബിഷപ്പും സഭയും പ്രതിസന്ധിയിലായി. ഐപിസി 120ബി, 379, 420, 465, 471 വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്. നേരത്തെ 1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് സെക്ഷന്‍ 21 പ്രകാരമായിരുന്നു കേസ്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും ഹെക്ടറിന് അഞ്ചു ലക്ഷം രൂപ വീതം പിഴയ്ക്കും സാധ്യതയുണ്ട്. ബിഷപ്പിനും മറ്റ് വികാരിമാര്‍ക്കും ജാമ്യം കിട്ടാത്ത സാഹചര്യമാണിപ്പോഴുള്ളത്.
തമിഴ്നാട്ടിലെ അംബാസമുദ്രത്ത് താമ്രപര്‍ണി നദിയുടെ സമീപത്തായി പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഈ സ്ഥലത്ത് അനധികൃതമായി മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിര്‍ദേശപ്രകാരം സിബിസിഐഡി അന്വേഷിച്ച് ബിഷപ്പിനെയും മറ്റ് വികാരിമാരെയും അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് കൃഷി ചെയ്യുന്നതിന് മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നതായാണ് സഭ പറയുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ ലംഘിച്ചുവെന്നും മണല്‍ ഖനനം നടത്തിയത് കരാറുകാരനാണെന്നും സഭ ആരോപിക്കുന്നു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെന്ന നിലയില്‍ രൂപതാ അധികാരികളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സഭയുടെ വിശദീകരണം. എന്നാല്‍ ഇതൊന്നും കോടതി മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നത്.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറല്‍ ഷാജി ഋഋഋതോമസിനെയും തിരുനല്‍വേലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയില്‍ ബിഷപ്പിനും വൈദികര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ വിശ്വാസികളോട് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഇടയലേഖനവും ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ബിഷപ്പ് വലിയ പ്രതിസന്ധിയിലാണെന്നും സഭ വിശ്വാസികളോട് വിശദീകരിക്കുന്നുണ്ട്. ബിഷപ്പ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് സഭയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: