മാവുങ്കാല്‍: കാസർകോട് ജില്ലയില്‍ ടൂറിസത്തില്‍ ഏറെ പ്രസിദ്ധമാണെങ്കിലും പുറം ജില്ലക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ അധികമൊന്നും തുറക്കാത്ത ഇടമാണ് മഞ്ഞംപൊതിക്കുന്ന്. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിയുള്ള വിനോദസഞ്ചാര പദ്ധതിയാണ് രൂപകല്പനചെയ്തിട്ടുള്ളത്. മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് സാങ്കേതികാനുമതി വൈകുന്നതിനാല്‍ നിര്‍മ്മാണജോലികള്‍ ആരംഭിക്കാനായിട്ടില്ല. ഇതിനായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ 4.97 കോടിയുടെ പദ്ധതി തയ്യാറാക്കി ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്തെ ആദ്യത്തെ ഇക്കൊ സെന്‍സിറ്റീവ് ആസ്ടോ ടൂറിസം സെന്ററായി ചരിത്രവും മിത്തും തമ്മില്‍ സമന്വയിച്ച മഞ്ഞംപൊതിക്കുന്ന് തിരഞ്ഞെടുത്തത്. സഞ്ചാരികള്‍ക്ക് രാത്രികാല കാഴ്ചകള്‍ ആസ്വദിക്കാനും ആകാശനിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സോണും ഒരുക്കാനും പദ്ധതിയുണ്ട്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ മികച്ച ടൂറിസം പോയന്റായി മഞ്ഞംപൊതിക്കുന്ന് മാറും. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് കാഴ്ചകളുടെ പുതിയലോകമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. കാസര്‍കോട് നഗരത്തില്‍നിന്ന് 31 കിലോമീറ്ററും കാഞ്ഞങ്ങാട്ടു നിന്ന് അഞ്ച് കിലോമീറ്ററുമാണ് ആനന്ദാശ്രമത്തിന്റെ നെറുകയിലുള്ള മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം.
ചെങ്കല്‍പാറയില്‍ പരവതാനി വിരിച്ചപോലെ നിറയെ സ്വര്ണപുല്ലുകളുടെ കാഴ്ച നയനമനോഹരമാണ്. പുല്‍ത്തകിടി നിറഞ്ഞ കുന്നിന്‍ചെരിവുകള്‍, ഹനുമാന് ക്ഷേത്രം, മികച്ച ഫോട്ടോഗ്രാഫി പോയന്റ്, നാലുഭാഗത്തേക്കുമുള്ള പ്രകൃതിദൃശ്യം എന്നിവ മഞ്ഞംപൊതുക്കുന്നിനെ വേറിട്ടതാക്കുന്നു.
ബേക്കല്‍കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂരകാഴ്ച കുന്നിന് മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനായി ടെലിസ്കോപ്പ്, ഇരിപ്പിടങ്ങള്‍, സെല്‍ഫിപോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിംഗ്സൗകര്യം എന്നിവ സജ്ജീകരിക്കും. റിസപ്ക്ഷന് സോണ്‍, ഫയര്‍ സോണ്‍, പാര്‍ക്കിംഗ് സോണ്‍, ഫെസിലിറ്റി സോണ്‍, ഫൗണ്ടെയ്ന് ആന്‍ഡ് ആസ്ട്രോ സോണ്‍ എന്നിവയും ഒരുക്കും.
കാഞ്ഞങ്ങാട് ടൗണ്സ്ക്വയറും, കാഞ്ഞങ്ങാട് കൈറ്റ് ബീച്ചും നിര്‍മ്മാണഘട്ടത്തിലാണ്. നിര്മ്മിതികേന്ദ്രത്തിനാണ് മൂന്നുപദ്ധതികളുടെയും നിര്‍മ്മാണ ചുമതല. ഡിടിപിസിക്കാണ് മഞ്ഞംപതിക്കുന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: