എസ്. ശ്രീനിവാസ് അയ്യര്‍
പന്ത്രണ്ടു രാശികളിലായി ഇരുപത്തിയേഴ് നക്ഷത്രങ്ങളുണ്ടെന്നത് നമ്മുടെ ബാലബോധം. അക്കൂട്ടത്തില്‍ ഒമ്പതു നക്ഷത്രങ്ങള്‍ രണ്ടു രാശികളിലായി വരുന്നു. അവ കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, ഉത്രട്ടാതി എന്നിവയാകുന്നു. ഈ നക്ഷത്രങ്ങള്‍ രണ്ടു കൂറുകളിലായി വരുന്നുവെന്ന് ചുരുക്കം. ഒരു നക്ഷത്രത്തിന് നാല് തുല്യപാദങ്ങള് അഥവാ കാലുകളുണ്ടെന്ന് നാം അറിഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞ ഒമ്പതു നക്ഷത്രങ്ങളുടെ നാലുപാദങ്ങളും ഒരു രാശിയില്‍ തന്നെ അടങ്ങുന്നില്ല എന്നു ചുരുക്കം. ഇവയെ ദ്വിരാശി നക്ഷത്രങ്ങള്‍ എന്നുവിളിക്കുന്നു. രണ്ടുരാശികളിലായി മുറിഞ്ഞുവരികയാല് ‘മുറി നക്ഷത്രങ്ങള്‍’ എന്ന പേരും പ്രചാരത്തിലുണ്ട്.
ഇവയുടെ രണ്ടിരട്ടി നക്ഷത്രങ്ങള്‍ അഥവാ ശേഷിക്കുന്ന പതിനെട്ടു നക്ഷത്രങ്ങള്‍ ഒരു രാശിയില്‍ തന്നെ വരുന്നു. അതായത് അവയുടെ നാലുപാദങ്ങളും മുഴുവനായും ഒരു രാശിയില്‍ തന്നെ ഉള്‍ച്ചേരുന്നു. അതിനാല്‍ അവയെ ‘ഏകരാശി നക്ഷത്രങ്ങള്‍’ എന്നു വിശേഷിപ്പിക്കുന്നു. ‘മുഴുനാളുകള്‍’ എന്ന പ്രയോഗവുമുണ്ട്. ഖണ്ഡതാരം, അഖണ്ഡതാരം എന്നിങ്ങനെയും ഈ രണ്ടുവിഭാഗം നക്ഷത്രങ്ങളെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
രണ്ടുരാശികളില്‍ വരുന്ന നക്ഷത്രങ്ങളുടെ പാദവിഭജനം ഇപ്രകാരമാണ്: കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നിവയുടെ ഒന്നാം പാദം ഒരു രാശിയില്‍ (യഥാക്രമം മേടം, ചിങ്ങം, ധനു രാശികളില്), അവയുടെ 2,3,4 പാദങ്ങള്‍ തൊട്ടടുത്ത രാശികളില് (യഥാക്രമം ഇടവം, കന്നി, മകരം രാശികളില്).
(1+3 എന്നതാണ് അനുപാതം). കാര്‍ത്തികയും ഉത്രവും ഉത്രാടവും കാലും മുക്കാലുമായി പിരിയുകയാണ്. കാര്‍ത്തിക നാളുകാരില്‍ മേടം-ഇടവം രാശികളുടെയും, ഉത്രം നാളുകാരില്‍ ചിങ്ങം- കന്നി രാശികളുടെയും , ഉത്രാടം നാളുകാരില്‍ ധനു- മകരം രാശികളുടെയും പ്രകൃതവും പ്രഭാവവും കലര്‍ന്നു കാണപ്പെടും.
മകയിരം, ചിത്തിര, അവിട്ടം എന്നിവ മൂന്നും തുല്യപാദങ്ങളോടെ (2+2) ഇരുരാശികളില്‍ വരുന്നു. ഒന്നും രണ്ടും പാദങ്ങള്‍ ഒരുരാശിയില്‍, മൂന്നുംനാലും പാദങ്ങള്‍ തൊട്ടടുത്ത രാശികളിലും. മകയിരത്തിന്റെ ആദ്യപകുതി (1,2 പാദങ്ങള്‍) ഇടവം രാശിയില്‍, രണ്ടാം പകുതി (3,4 പാദങ്ങള്‍) മിഥുനം രാശിയില്‍. ചിത്തിരയുടെ ഒന്നാംപകുതി (1,2പാദങ്ങള്‍) കന്നിരാശിയില്‍, രണ്ടാം പകുതി (3,4 പാദങ്ങള്‍) തുലാം രാശിയില്‍. അവിട്ടത്തിന്റെ പ്രഥമാര്ദ്ധം (1,2 പാദങ്ങള്‍) മകരം രാശിയില്‍, ദ്വിതീയാര്ദ്ധം
(3,4 പാദങ്ങള്‍) കുംഭം രാശിയില്‍; ഇതാണ് ക്രമം. ഇതില്‍ നിന്നും മകയിരം നാളുകാരില്‍ ഇടവം- മിഥുനം രാശികളുടെയും, ചിത്തിര നാളുകാരില്‍ കന്നി- തുലാം രാശികളുടെയും, അവിട്ടം നാളുകാരില്‍ മകരം- കുംഭം രാശികളുടെയും സാമാന്യതകളും സവിശേഷതകളും സംക്രമിക്കുന്നുവെന്ന് വ്യക്തമാവുകയായി.
ഇനി പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നീ ഖണ്ഡ നക്ഷത്രങ്ങളുടെ പര്യാലോചനയാണ്. ഇവിടെ മുക്കാലും കാലും (3+1) എന്നിങ്ങനെയാണ് വിഭജനരീതി. ആദ്യ മൂന്നു പാദങ്ങള്‍ ഒരുരാശിയില്‍, നാലാംപാദം തൊട്ടടുത്ത രാശിയില്‍ എന്നിങ്ങനെ. പുണര്‍തം മുക്കാല്‍ അഥവാ 1,2,3 പാദങ്ങള്‍ മിഥുനത്തില്, പുണര്‍തം കാല് അഥവാ നാലാം പാദം കര്‍ക്കടകത്തില്‍. വിശാഖത്തിന്റെ മുക്കാല്‍
(1,2,3 പാദങ്ങള്‍) തുലാം രാശിയില്‍, വിശാഖത്തിന്റെ കാല് (നാലാം പാദം) വൃശ്ചികം രാശിയില്‍. പൂരുരുട്ടാതിയുടെ മുക്കാല്‍ (1,2,3 പാദങ്ങള്‍) കുംഭം രാശിയില്‍, കാല് (നാലാം പാദം) മീനംരാശിയില്‍. അപ്പോള്‍ ഈ മൂന്നു നക്ഷത്രങ്ങളില്‍ ജനിച്ചവരില്‍ യഥാക്രമം മിഥുനം- കര്‍ക്കിടകം, തുലാം- വൃശ്ചികം, കുംഭം- മീനം രാശികളുടെ വ്യതിരിക്തതകളും വൈശിഷ്ട്യങ്ങളും സമ്മേളിക്കുന്നു. ഇവ്വിധമാണ് മുറിനക്ഷത്രങ്ങളുടെ അഥവാ ദ്വിരാശിനക്ഷത്രങ്ങളുടെ അല്ലെങ്കില്‍ ഖണ്ഡനക്ഷത്രങ്ങളുടെ ഗണനയും ഗണിതവും.
പന്ത്രണ്ടു രാശികളില് ആണ്രാശി- പെണ്രാശി എന്ന വിഭജനമുണ്ട്. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവ ആറും പുരുഷരാശികള്‍. ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവ ആറും സ്ത്രീരാശികള്‍. ഒമ്പത് മുറിനാളുകളൊഴികെ ശേഷിക്കുന്ന പതിനെട്ട് മുഴുനാളുകള്‍ ഇവയില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമായി (പുരുഷ രാശിയിലോ സ്ത്രീരാശിയിലോ മാത്രമായി) ഉള്‍പ്പെടുന്നു. എന്നാല്‍ മുറിനാളുകളുടെ കാര്യത്തില്‍ ഈ ഏകതാനതയില്ല. അവ പുരുഷ/സ്ത്രീ രാശികളില് വരുന്നു. വിശദാംശങ്ങളിലേക്ക് കടക്കാം.
കാര്‍ത്തിക ഒന്നാംപാദം പുരുഷരാശിയായ മേടത്തില്, ശേഷിക്കുന്ന മൂന്നുപാദങ്ങള്‍ സ്ത്രീരാശിയായ ഇടവത്തില്‍. മകയിരം ആദ്യപകുതി സ്ത്രീരാശിയായ ഇടവത്തില്‍, രണ്ടാംപകുതി പുരുഷരാശിയായ മിഥുനത്തില്. പുണര്‍തം മുക്കാല്‍ മിഥുനത്തില് (പുരുഷരാശി), പുണര്‍തം നാലാംപാദം അഥവാ കാല് കര്‍ക്കടകത്തില്‍ (സ്ത്രീരാശി). ഉത്രം കാല് ചിങ്ങത്തില്. അത് ആണ്രാശി. ഉത്രം മുക്കാല്‍ കന്നിയില്‍. അത് പെണ്രാശിയും. ചിത്തിര ഒന്നാം പകുതി കന്നിയില്‍ (സ്ത്രീരാശി), ചിത്തിര രണ്ടാം പകുതി തുലാം രാശിയില്‍ (പുരുഷ രാശി). വിശാഖം മുക്കാല്‍ ആണ് രാശിയായ തുലാത്തില്‍, വിശാഖം കാല്- നാലാം പാദം- വൃശ്ചികത്തില്. അത് പെണ്രാശിയാകുന്നു. ഉത്രാടം ഒന്നാംപാദം ധനുവില്‍ (പുരുഷരാശി), ഉത്രാടം 2,3,4 പാദങ്ങള്‍ മകരത്തില്‍ (സ്ത്രീരാശി). അവിട്ടം പകുതി മകരത്തില്‍, പകുതി കുംഭത്തിലും. യഥാക്രമം പെണ്-ആണ് രാശികളാണവ. ഒമ്പതാം ഖണ്ഡനക്ഷത്രമായ പൂരൂരുട്ടാതിയുടെ മുക്കാല്‍ പുരുഷരാശിയായ കുംഭത്തിലും കാല് അഥവാ നാലാംപാദം സ്ത്രീരാശിയായ മീനത്തിലും വരുന്നു. ഇങ്ങനെ അര്ദ്ധനര/അര്‍ദ്ധനാരി ചേര്‍ന്ന ഈശ്വരത്വമാണ് അല്ലെങ്കില്‍ നരനാരീ സമന്വയമായ പൂര്‍ണ മനുഷ്യത്വമാണ് ഈ ഒമ്പത് നക്ഷത്രങ്ങള്‍ക്കും ഉള്ളതെന്നു കാണാം. അതുകൊണ്ടു തന്നെ, പുരുഷത്വത്തിലേക്കോ, സ്ത്രീത്വത്തിലേക്കോ മാത്രമായി മാറാത്ത, ചുരുങ്ങാത്ത സമ്പൂര്‍ണ മനുഷ്യത്വം എന്ന ‘നരനാരീത്വം’ ഈ ഒമ്പതു നാളുകാരിലാണ് പ്രായേണ സമഗ്രദര്‍ശനവും സമ്യക് വീക്ഷണവുമാകുന്നത്. അങ്ങനെയുമുണ്ട്, പരിപ്രേക്ഷ്യം.
നക്ഷത്രങ്ങള്‍ നമ്മെ ഇങ്ങനെ ഒരുപാടൊരുപാട് ചിന്തിപ്പിക്കുന്നുണ്ട്. ഒത്തിരിയൊത്തിരി കടത്തിവിടുന്നുണ്ട്. ആര്ഷവിദ്യയുടെ അനുഗ്രഹമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: