ന്യൂദല്‍ഹി: കശ്മീരില്‍ ഇക്കുറി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയപ്പോള്‍ അറൂസ പര്വേയ്സിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. 500ല്‍ 499 മാര്‍ക്ക് നേടിയാണ് അറൂസ പര്‍വേയ്സ് ഒന്നാം റാങ്ക് നേടിയത്. പക്ഷെ അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല.
അറൂസ പര്‍വേസിന്റെ ആഹ്ലാദം നിറഞ്ഞ മുഖം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അവര്‍ ഹിജാബ് ധരിയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് പ്രശ്നമായത്. ഇതോടെ അറൂസ പര്‍വേയ്സിന് വധഭീഷണികളുടെ പ്രവാഹമായിരുന്നു.
‘അവള്‍ക്ക് നാണമില്ല. അവള് മുഖം മറച്ചിട്ടില്ല. അവളുടെ തലവെട്ടണം,’- ഇതായിരുന്നു ഒരു കമന്റ്. നിരവധി വധഭീഷണികളായിരുന്നു പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളില്‍.
‘എന്റെ മതം, എന്റെ ഹിജാബ്, എന്റെ അള്ളാ…എല്ലാം എന്റെ സ്വകാര്യ വിഷയങ്ങളാണ്. ഞാന്‍ എന്ത് ധരിയ്ക്കണം, എന്ത് ധരിയ്ക്കേണ്ട എന്നത് മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തേണ്ട കാര്യമില്ല. എന്റെ മതത്തിന്റെ മഹത്വത്തില്‍ അവര്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ അങ്ങിനെ ചിന്തിച്ചുകൂടാ. ഈ കമന്റുകള്‍ എന്നെ ബുദ്ധിമുട്ടിക്കുന്നില്ല. പക്ഷെ എന്റെ മാതാപിതാക്കള്‍ വലിയ അസ്വസ്ഥതയിലാണ്,’- അറൂസ പറയുന്നു.
അറൂസയുടെ പ്രദേശത്തുള്ള ജനങ്ങളില്‍ പലരും ഹിജാബ് ധരിയ്ക്കാതിരിക്കാനുള്ള അറൂസയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ല. ‘അവള് ഞങ്ങളുടെ മകളാണ്. അവള് ഞങ്ങള്‍ക്ക് അഭിമാനമായി. അവളെ ഹിജാബിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ നമ്മള് ഒരു സഹോദരന് അല്ലെങ്കില്‍ അച്ഛന് എന്ന രീതിയില്‍ അവളെ ഉപദേശിക്കണം. അല്ലാതെ അവള്‍ക്കെതിരെ അതിക്രമം കാണിച്ചുകൂടാ’- അധ്യാപകനായ ഗുലാം റസൂല്‍ പറയുന്നു.
ഒരു അടിസ്ഥാനവുമില്ലാതെ ഓണ്‍ലൈനില്‍ പലരും പുറപ്പെടുവിച്ച അന്ത്യശാസനങ്ങളെ ഇസ്ലാമിക പണ്ഡിതന്മാര് പലരും തള്ളിക്കളയുന്നു. എങ്കിലും അറൂസ ഹിജാബ് ധരിയ്ക്കാത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ നല്‍കിയതിനെ പിന്തുണയ്ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: