ഒറ്റപ്പാലം: കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ചിനക്കത്തൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിലെ ആശങ്കക്ക് വിരാമം. ഏഴ് ദേശങ്ങള്‍ക്ക് ഓരോ ആനകളെ വീതം എഴുന്നള്ളിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയായി. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. കൊവിഡ് വ്യാപനത്തോത് ക്രമാതീതമായി കുറഞ്ഞതോടെയാണ് അനുമതി ലഭിച്ചത്. മുന്‍ എംപി എസ്. അജയകുമാര്‍, വിവിധ ദേശങ്ങളും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ തവണയും കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ഏഴ് ആനകളെ അണിനിരത്തിയായിരുന്നു പൂരം നടന്നത്. ചിനക്കത്തൂര്‍ പൂരത്തിന് കുതിരക്കാണ് പ്രാധാന്യമെങ്കിലും ഓരോ ദേശവും ആനപ്പൂരവും നടത്താറുണ്ട്. കുതിര കളിയുള്‍പ്പടെയുള്ള ചടങ്ങുകളും നടക്കും. ഏഴ് ആനകളും 16 കുതിരകളും ചിനക്കത്തൂര്‍ ക്ഷേത്രമുറ്റത്ത് അണിനിരക്കും. പൂരത്തിന് മുമ്പായി ആനകള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെയും വനംവകുപ്പിന്റെയും ഫിറ്റ്നസ് പരിശോധന നടത്തണം. നാട്ടാന പരിപാലന നിയമം കൃത്യമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
ഒറ്റപ്പാലം, മീറ്റ്ന, പാലപ്പുറം, പല്ലാര്‍മംഗലം, എറക്കോട്ടിരി, തെക്കുംമംഗലം, വടക്കുമംഗലം എന്നിങ്ങനെ ഏഴുദേശങ്ങള് ചേര്‍ന്നാണ് ചിനക്കത്തൂര്‍ പൂരം. സാധാരണ 17 ആനകള്‍ പടിഞ്ഞാറന്‍ ചേരിയിലും പത്ത് ആനകള്‍ കിഴക്കന്‍ ചേരിയിലുമായി 27 ആനകളെ അണിനിരത്തിയാണ് പൂരം നടക്കാറുള്ളത്. ഇതാണ് ചുരുക്കി ഏഴ് ആനകളാക്കിയിട്ടുള്ളത്. പൂരത്തിന്റെ ഭാഗമായുള്ള പൂരത്താലപ്പൊലി ചൊവ്വാഴ്ച നടക്കും. ബുധനാഴ്ചയാണ് കുമ്മാട്ടിയും കുതിരക്ക് തലവെക്കല്‍ ചടങ്ങുകളും നടക്കുക. വ്യാഴാഴ്ചയാണ് പ്രസിദ്ധമായ ചിനക്കത്തൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: