രാമപുരം: പൊന്‍കുന്നം – പാലാ – തൊടുപുഴ റോഡില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച സോളാര്‍ വഴിവിളക്കുകള്‍ തകരാറിലായിട്ട് നാളുകളായി. 50 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ പാതയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ചതിന്റെ ഭാഗമായി ഓരോ 40 മീറ്റര്‍ ഇടവിട്ട് എകദേശം 1250 സോളാര്‍ ലൈറ്റുകളാണ് സ്ഥാപിച്ചത്. പത്തു കോടി രൂപയാണ് ഈ പദ്ധതിക്കായി കെഎസ്ടിപി അന്ന് മുടക്കിയത്.
പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഈ സോളാര്‍ ലൈറ്റുകള്‍ റോഡിനെ മനോഹരമാക്കി രാത്രിയില്‍ വെളിച്ചമേകി. രാത്രികാല യാത്രകള്‍ക്ക് സുരക്ഷിതത്വം നല്‍കിയിരുന്നു. 2018ല്‍ പണി പൂര്‍ത്തിയായി ആറ് മാസങ്ങള്‍ക്ക് ശേഷം സോളാര്‍ ലൈറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമായി. കൂടാതെ റോഡില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ അനേകം സോളാര്‍ ലൈറ്റുകള്‍ തകര്‍ന്നു. ചില അപകടങ്ങളില്‍ സോളാര്‍ ലൈറ്റ് തൂണുകള്‍ പരിപൂര്‍ണ്ണമായി തകര്‍ന്നു പോയി. ഇതിന് നഷ്ടപരിഹാരമായി ലക്ഷക്കണക്കിന് രൂപ കെഎസ്ടിപി വാഹന ഉടമകളില്‍ നിന്നും വാങ്ങിയെങ്കിലും സോളാര്‍ ലൈറ്റുകള്‍ ശരിയായ രീതിയില്‍ പുനഃസ്ഥാപിച്ചില്ല.
പിഡബ്ല്യുഡി ഈറോഡ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സോളാര്‍ ലൈറ്റുകള്‍ കേടായത് സംബന്ധിച്ച് നാട്ടുകാര്‍ നിരവധി പരാതികള്‍ കെഎസ്ടിപി അധികാരികള്‍ക്ക് നല്‍കിയിരുന്നു. സോളാര്‍ ലൈറ്റുകള്‍ മിഴിയടഞ്ഞതോടെ മലയോരമേഖലയിലൂടെ കടന്ന് പോകുന്ന ഈ പാതയിലെ രാത്രികാല വാഹനയാത്രയും കാല്‍നടയാത്രയും വളരെ ദുഷ്കരവും അപകടകരവുമായി. ഏതാനും നാളുകള്‍ മുന്‍പ് ലൈറ്റുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സി പരിശോധന നടത്തിയിരുന്നു. എന്നാല്‍ നടപടിയൊന്നുമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: