കോഴിക്കോട്: വൈദ്യുതിബോര്‍ഡ് ചെയര്മാന് നടത്തുന്ന പരിഷ്കരണനടപടികള്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി സിഐടിയു, ഇടതുട്രേഡ് യൂണിയന്. വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ‘സായുധ’ സുരക്ഷാ സേനയുടെ കാവല്‍ ഏര്‍പ്പെടുത്തുന്ന നീക്കത്തിനെതിരെയും സിപിഎം ട്രേഡ് യൂണിയന് രംഗത്തുണ്ട്. സിഐടിയു പ്രവര്‍ത്തകരെയും വിരമിച്ച സംഘടനാ പ്രവര്‍ത്തകരെയും അസമയത്ത് വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ഇരുത്തിയാണ് സിപിഎം യൂണിയന്റെ പ്രവര്‍ത്തനമെന്ന് ആക്ഷേപമുണ്ട്. സായുധ സുരക്ഷാ സേന വരുന്നതോടെ രേഖാമൂലം അനുമതിയില്ലാതെ അസമയത്ത് ഓഫീസില്‍ കടക്കാനോ അന്യരെ ഒപ്പം കൂട്ടാനോ കഴിയില്ല. ഇതാണ് എതിര്‍പ്പിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പരിഷ്കാരങ്ങള്‍ ബോര്‍ഡ് ചെയര്മാന് അവതരിപ്പിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് യൂണിയനായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് കണ്ണടച്ച് എതിര്‍ക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ ഘടകകക്ഷിക്ക് നല്കിയ വകുപ്പില്‍ കൈകടത്തില്ലെന്ന നിലപാടാണ് ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളോട് സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും അറിയിച്ചതെന്നാണ് സൂചന.
വൈദ്യുതി ബോര്‍ഡിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിലവില്‍ 100 പോലീസുകാര്‍ സുരക്ഷയ്ക്കുണ്ട്. എന്നാല്‍, തന്ത്രപ്രധാന സ്ഥാപനമെന്ന നിലയില്‍, കേരള പോലീസിലെതന്നെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനം. കമ്പനിയുടെ ടേണോവര്‍ പ്രകാരവും സുരക്ഷയ്ക്ക് ‘സായുധ’ സേന വേണം. ഇത് സംബന്ധിച്ച് ചെയര്മാന് വിവിധ യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തി. അധികച്ചെലവ് വരരുത് എന്ന ആവശ്യം ഒഴിച്ചാല്‍ മറ്റ് തടസങ്ങള്‍ ആരും പറഞ്ഞില്ല. പക്ഷേ, ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.ജി. സുരേഷ്, സായുധപോലീസിനെ എന്തുവന്നാലും അനുവദിക്കില്ല എന്ന നിലപാടിലാണ്.
ഇതോടെ കെഎസ്ഇബി ഓഫീസര്‍മാര്‍ക്കിടയില്‍ സ്വന്തം യൂണിയന് രൂപീകരിക്കാനുള്ള നീക്കം ജനതാദള്‍ ശക്തമാക്കി. വെല്‍ഫെയര്‍ സെന്റര്‍ എന്ന പേരിലാണ് ജനതാദള്‍ യൂണിയന് രൂപീകരിക്കുന്നത്. പ്രഖ്യാപനം വൈകാതെ ഉണ്ടാകും. പ്രധാന സ്ഥാനങ്ങളില്‍ വെല്‍ഫയര്‍ സെന്റര്‍ നേതാക്കളെ നിയോഗിക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: