തൃശ്ശൂര്‍: മണ്ണുത്തി-അങ്കമാലി ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയിലെ പണപ്പിരിവ് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ കരാര്‍ പ്രകാരമുള്ള നിര്‍മാണ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 2011ല്‍ ടോള്‍ പിരിവ് ആരംഭിച്ചപ്പോള്‍ മുതല്‍ കരാര്‍ പ്രകാരം ചെയ്യേണ്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് തുടങ്ങരുതെന്നും പ്രദേശവാസികള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് കമ്പനി ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന സമാന്തരപാത അടച്ചുകെട്ടരുതെന്നും ആവശ്യമുയര്‍ന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പായതിന് ശേഷം പിന്നീട് വീണ്ടും ടോള്‍പിരിവ് തുടങ്ങി. ടോള്‍ പ്ലാസയ്ക്ക് 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് സൗജന്യ പാസ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു ബൂത്തില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ലെന്ന കരാറിലെ വ്യവസ്ഥ കമ്പനി പാലിക്കുന്നില്ല.
കരാറിലെ പഞ്ച് ലിസ്റ്റില്‍ പറയുന്ന ചാലക്കുടി അടിപ്പാത, പുതുക്കാട് മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഡ്രെയിനേജ്, ലാന്റ്സ്കേപ്പ്, പ്രൊട്ടക്ഷന്‍ ബാരിക്കേഡ്, സ്ട്രീറ്റ് ലൈറ്റുകള്‍, ഫോണ്‍ സംവിധാനം, കുടിവെള്ളം, ട്രക്ക് പാര്‍ക്കിങ് ബേ, ബസ് ബേ, പെഡസ്ട്രിയന്‍ പാത്തുകള്‍, യൂടേണ്‍ ട്രാക്കുകള്‍, സര്‍വീസ് റോഡുകള്‍ തുടങ്ങിയവും പൂര്‍ണമായി പൂര്‍ത്തികരിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ദേശീയപാത മുഴുവനായി ചുരണ്ടിയെടുത്ത് പുതിയതായി ബിറ്റുമിനസ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് കരാറുണ്ട്. എന്നാല്‍ റീ ടാറിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കുന്ന യാത്രക്കാരെ ടോള്‍ ജീവനക്കാര്‍ കായികമായി നേരിടുന്ന സാഹചര്യമാണ്. തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യപാസ് നിര്‍ത്താനുള്ള നീക്കമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. 44,000 സൗജന്യ പാസ് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 20,000 വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. വിവിധ രേഖകളില്ലെന്ന കാരണം പറഞ്ഞ് തദ്ദേശീയര്‍ക്ക് സൗജന്യ പാസ് നിഷേധിക്കുകയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ടോള്‍ പിരിവ് സംബന്ധിച്ച് യാത്രക്കാരും ടോള്‍പ്ലാസയിലെ ജീവനക്കാരും തമ്മിള്‍ വാക്കേറ്റവും സംഘട്ടനവും നിത്യസംഭവമാണ്. 825 കോടി രൂപയാണ് ദേശീയപാതയുടെ നിര്‍മ്മാണ ചെലവെന്ന് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു. 2028 ജൂണ്‍ വരെയാണ് കമ്പനിക്ക് ടോള്‍ പിരിക്കാനുള്ള കരാര്‍ കാലാവധി. 2012 ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച ടോള്‍ പിരിവ് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ 991 കോടി രൂപ ഇതുവരെ പിരിച്ചുകഴിഞ്ഞു. കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും നിര്‍മ്മാണ ചെലവിനേക്കാള്‍ നാലിരട്ടി തുക കരാര്‍ കമ്പനി പിരിച്ചെടുക്കും. 2028 വരെ ടോള്‍ പിരിച്ചാല്‍ ഏറ്റവും കുറവ് 2200 കോടിയെങ്കിലും ലഭിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇതിന് പുറമേ അറ്റകുറ്റപ്പണികള്‍ യഥാസമയങ്ങളില്‍ ചെയ്യാത്തത് കാരണം കമ്പനിക്ക് വന്‍തുക ലാഭമായി കിട്ടുന്നുണ്ട്. കരാര്‍ പ്രകാരം ചെയ്യേണ്ട പ്രവൃത്തികളുടെ ലാഭം, റീ ടാറിങ് ആദ്യഘട്ടവും രണ്ടാംഘട്ടവും കൃത്യസമയത്ത് ചെയ്യാതെ ലഭിക്കുന്ന സംഖ്യ, പ്രദേശവാസികളുടെ സൗജന്യ പാസ് വഴി ലഭിക്കുന്ന തുക, സമാന്തരപാത അടച്ചുകെട്ടിയതിലൂടെ കമ്പനിക്ക് ലഭിക്കുന്ന അധിക തുക ഇവയെല്ലാം കമ്പനിക്ക് ലഭിക്കുന്ന ലാഭങ്ങളില്‍ ഉള്‍പ്പെടും.
2021 നവംബറില്‍ പൂര്‍ത്തിയാക്കേണ്ട രണ്ടാംഘട്ട പ്രവൃത്തികള്‍ 79 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചത്. നിരന്തരമായ ക്രമക്കേടുകളിലൂടെ കോടികളാണ് കരാര്‍ കമ്പനി സമ്പാദിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരാര്‍ ലംഘനവും ക്രമക്കേടും നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കരാര്‍ കമ്പനിയെ കരാറില്‍ പുറത്താക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: