ബാംബോലിം: കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുക്കി വിജയവഴിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനമാണ്. ഇന്ന് ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ വീഴ്ത്തിയാല്‍ മഞ്ഞപ്പടയുടെ ലക്ഷ്യം നിറവേറും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
കൊവിഡില്‍ നിന്നു മോചിതരായ കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയോട് തോറ്റു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ മുക്കി മഞ്ഞപ്പട വിജയവഴിയില്‍ തിരിച്ചെത്തി. പതിമൂന്ന് മത്സരങ്ങളില്‍ 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ജംഷഡ്പൂരിനെ മറികടന്നാല്‍ 26 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയ ജംഷഡ്പൂര്‍ , പക്ഷെ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് തോറ്റു. ഇതോടെ 13 മത്സരങ്ങളില്‍ 22 പോയിന്റുമായി ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ്. പോയിന്റ് നിലയില്‍ മുന്നിലെത്തുകയാണ് ജംഷഡ്പൂരിന്റെ ലക്ഷ്യമെന്ന്് പരിശീലകന് ഓവന് കോയില്‍ പറഞ്ഞു. എന്നാല്‍ മഞ്ഞപ്പടയെ തോല്‍പ്പിക്കാന്‍ ജംഷഡ്പൂരിന് കഴിയുമോയെന്ന് കണ്ടറിയണം. കാരണം ബ്ലാസ്റ്റേഴ്സ് അടിമുടി മാറിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ലീഡ് എടുത്തശേഷം പലപ്പോഴും അവര്‍ തോല്‍വിയിലേക്ക് വഴുതി വീണിരുന്നു. എന്നാല്‍, പുതിയ പരിശീലകന് വുകോമാനോവിച്ച് ചുതമലയേറ്റതോടെ ഈ പോരായ്മയ്ക്ക് പരിഹാരം കണ്ടു.
വിദേശ താരങ്ങളായ അല്‍വാരോ വാസ്്ക്വസ് , ആഡ്രിയാന്‍ ലൂണ, മലയാളിയ താരം സഹല്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രങ്ങള്‍. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ വാസ്ക്വസ് മൈതാന മധ്യത്തില്‍ നിന്ന് ഗോള്‍ നേടിയത് വിസ്മയമായി.
ഗ്രെഗ് സ്റ്റുവര്‍ട്ടും ഡാനില്‍ ചീമയുമാണ് ജംഷഡ്പൂരിന്റെ കരുത്ത്. ബ്ലാസ്റ്റേഴ്സിന് മികച്ച കളിക്കാരും നല്ലൊരു പരിശീലകനുമുണ്ട്. ശക്തരായ അവരെ തോല്‍പ്പിക്കുക പ്രയാസകരമാണെന്ന് ജംഷഡ്പൂര്‍ എഫ്സി പരിശീലകന് കോയില്‍ പറഞ്ഞു. ജംഷഡ്പൂര്‍ എഫ്സി ശക്തമായ ടീമാണ്. മത്സരം കഠിനമായിരിക്കും. കളിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന ടീം വിജയിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് വുകോമാനോവിച്ച് വെളിപ്പെടുത്തി. ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: