അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയില്‍ കൂമ്പന്‍പാറക്ക് സമീപമുള്ള ഇടുങ്ങിയ കൊടുംവളവ് സുരക്ഷാസംവിധാനങ്ങളുടെ അഭാവത്താല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്.
നേരിയൊരശ്രദ്ധ സംഭവിച്ചാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. ഇവിടെ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്നു. അപായ സൂചനയെന്നോണം റിബണ്‍ വലിച്ച് കെട്ടിയിട്ടുണ്ട്. ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് താല്‍ക്കാലിക സുരക്ഷ ഒരുക്കുകയും വീതി വര്‍ധിപ്പിച്ച് അപകട വളവ് നിവര്‍ത്താന്‍ ഇടപെടല്‍ ഉണ്ടാവുകയും വേണമെന്നാണ് ആവശ്യം. ഈ പ്രദേശത്ത് പാതയുടെ ഒരു ഭാഗത്ത് വലിയ കൊക്കയാണ്.
വഴി പരിചിതമല്ലാതെത്തുന്നവര്ക്ക് തൊട്ടരികില്‍ എത്തുമ്പോഴെ പാതയുടെ വീതി കുറവും അപകടസാധ്യതയും തിരിച്ചറിയാന്‍ സാധിക്കൂ. ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് ഇടുങ്ങിയ ഈ വളവിലൂടെ പരസ്പരം മറികടന്ന് പോകാന്‍ സാധിക്കില്ല.വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കേറുന്നതോടെ പലപ്പോഴുമിവിടെ ഗതാഗതകുരുക്കും രൂപം കൊള്ളാറുണ്ട്.
ഈ പ്രദേശത്ത് മുമ്പ് അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു. അപകടസാധ്യത ഇല്ലാതാക്കാന്‍ ദേശീയപാത വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: