ന്യൂദല്‍ഹി: അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിന്റെ കുടുംബത്തെ പോലും കോണ്‍ഗ്രസ് വെറുതെ വിട്ടിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീര്‍ സവര്‍ക്കറിന്റെ കവിത പാടിയതിന് ലതാജിയുടെ സഹോദരന് ഹൃദയ്നാഥ് മങ്കേഷ്കറിനെ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലതാജിയുടെ കുടുംബം നേരിട്ട ഈ അപമാനം രാജ്യം ഇന്ന് അറിയണമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.
ഗോവയില്‍ നിന്നുള്ള കുടുംബമാണ് ലതാ മങ്കേഷ്കറിന്റേത്. ലതാജിയുടെ സഹോദരനെ ഒരിക്കല്‍ ഓള് ഇന്ത്യ റേഡിയോയില്‍ (എഐആര്‍) നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. വീര്‍ സവര്‍ക്കറിന്റെ കവിത പാടി എന്ന കാരണത്താലാണ് കോണ്‍ഗ്രസ് ഈ നടപടി സ്വീകരിച്ചത് എന്ന് മോദി വ്യക്തമാക്കി. ഹൃദയ്നാഥ് മങ്കേഷ്കര്‍ ഒരിക്കല്‍ സവര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ കവിത പാടുന്ന കാര്യം പറഞ്ഞത്. അന്ന് ‘എന്റെ പാട്ട് പാടി നിങ്ങള്‍ക്ക് ജയിലില്‍ പോകണോ’ എന്ന് സവര്‍ക്കര്‍ ചോദിച്ചു. എന്നാല്‍ ഹൃദയ്നാഥ് പാട്ട് പാടി, എട്ട് ദിവസത്തിനകം ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതായിരുന്നു കോണ്‍ഗ്രസിന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്നും മോദി തുറന്നടിച്ചു. രാജ്യത്തിന്റെ വികാരങ്ങള്‍ നിറഞ്ഞിരുന്ന ലതാ മങ്കേഷ്കറിന്റെ ശബ്ദം ജനങ്ങളെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയം ചെയ്തു. അവരുടെ സംഭാവനകള്‍ രാജ്യത്തിന്റെ പൈതൃകത്തേയും ഐക്യത്തേയും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: