തൊടുപുഴ: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നയാളെ പശ്ചിമ ബംഗാളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പിടികൂടി. തൊടുപുഴ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ആണ് തൊഴിലിടത്തില്‍ നിന്ന് പ്രതി കുടുങ്ങിയത്.
മുര്‍ഷിദാബാദ് ജില്ലയിലെ മോമിന്‍പൂര്‍ ഹല്സാനപാര സ്വദേശി തുതുല്‍ ഹല്സാന(40) യെ ആണ് അറസ്റ്റ് ചെയ്തത്. ദംഗല്‍ സ്റ്റേഷനിലെ എഎസ്ഐ അരുപ്പ്കുമാര് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശനിയാഴ്ച രാവിലെ തൊടുപുഴയിലെത്തിയത്. ഇവര്‍ സ്റ്റേഷനിലെത്തി പ്രതിയെ പിടികൂടാന്‍ സഹായം തേടുകയായിരുന്നു.
പോലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ വൈകിട്ടോടെ ഇയാള്‍ മുട്ടത്തെ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടെന്ന് കണ്ടെത്തുകയും ഇവിടെ എത്തി പിടികൂടുകയുമായിരുന്നു. ഒളിവില്‍ താമസിച്ച് പ്രതി മേഖലയില്‍ മേസ്തിരി പണി ചെയ്ത് വരികയായിരുന്നു. തൊടുപുഴ കിഴക്കേയറ്റത്ത് ആയിരുന്നു താമസം.
2021ല്‍ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു കൊലപാതകം. ഇയാളടങ്ങുന്ന എട്ടംഗ സംഘം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിന് ഞെക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ആറാം പ്രതിയാണ് തുതുല്‍, ബാക്കിയുള്ള ഏഴ് പേരും പിടിയിലായിരുന്നു. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തൊടുപുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇങ്ങനെയാണ് പോലീസ് സംഘം ഇവിടെ എത്തിയത്.
തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍, എഎസ്ഐ ഷംസുദീന്‍, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മുട്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ഡൊങ്കല്‍ പോലീസ് സംഘത്തിനൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: