ഗുവാഹത്തി: സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസകളും റഗുലര്‍ സ്കൂളുകളാക്കുന്നതിനുള്ള 2020ല്‍ ആസാം നിയമസഭ പാസാക്കിയ നിയമം ഗുവാഹത്തി ഹൈക്കോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് സുധാംശു ധൂലിയയും ജസ്റ്റിസ് സൗമിത്ര സൈകിയയും അടങ്ങുന്ന ഡിവിഷന് ബെഞ്ച്, സംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് നടപടികള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആയ പ്രവിശ്യാ മദ്രസകള്‍ക്ക് മാത്രമാണെന്നും നിരീക്ഷിച്ചു.
മദ്രസ വിദ്യാഭ്യാസ പ്രൊവിന്‍ഷ്യലൈസേഷന്‍ നിയമം റദ്ദാക്കാന്‍ 2020ല്‍ ആസാം അസംബ്ലി പാസാക്കിയ നിയമമാണ് ഹൈക്കോടതിയുടെ ഡിവിഷണല്‍ ബെഞ്ച് ശരിവച്ചത്. നിയമത്തിന്റെ ഭരണഘടനാ സാധുത ഉയര്‍ത്തിപ്പിടിച്ച് പതിമൂന്നു പേര് സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളിക്കൊണ്ടാണ് തീരുമാനം.
ആസാമില്‍ സര്‍ക്കാര്‍ ഗ്രാന്റോടെ നടത്തിവന്ന എല്ലാ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കാനുള്ള നിയമം 2020 ഡിസംബര്‍ 30നാണ് നിയമസഭ അംഗീകരിച്ചത്. ഇതനുസരിച്ച് അറുനൂറ്റി ഇരുപതിലധികം സ്ഥാപനങ്ങള്‍ 2021 ഏപ്രില്‍ ഒന്നുമുതല്‍ ജനറല്‍ സ്കൂളുകളായി മാറ്റി. ഈ മദ്രസകള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളാണെന്നും പള്ളികളുടെ ഭരണത്തിലാണെന്നുമുള്ള ഹര്‍ജിക്കാരുടെ അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. നമ്മുടേത് പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍, ഏതെങ്കിലും ഒരു മതത്തിന് ഭരണകൂടം നല്കുന്ന മുന്‍ഗണന, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ തത്വത്തെ നിരാകരിക്കുന്നു. സംസ്ഥാനത്തിന്റെ മതേതര സ്വഭാവം, സംസ്ഥാന ഫണ്ടില്‍ നിന്ന് പൂര്‍ണ്ണമായും പരിപാലിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ പ്രബോധനം നല്‍കരുതെന്ന് നിര്‍ബന്ധിക്കുന്നു, കോടതി ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.
മദ്രസകളെ റഗുലര്‍, ജനറല്‍ സ്കൂളുകളാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് നടപടിക്രമങ്ങള്‍ ഭരണഘടനയുടെ 29, 30 വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പല മദ്രസകളുടെയും മാനേജിംഗ് കമ്മിറ്റികള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതൊരു സുപ്രധാന വിധിയാണെന്ന് വിശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: