രാജ്യത്ത് 42 ഭീകര സംഘടനകളും 13 നിയമവിരുദ്ധ സംഘടനകളുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനുത്തരമായി വ്യക്തമാക്കിയിരിക്കുന്നു. യുഎപിഎ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഈ സംഘടനകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും, 31 വ്യക്തികളെ ഭീകരരായി കണക്കാക്കിയിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വെളിപ്പെടുത്തുകയുണ്ടായി. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ലിസ്റ്റ് പരിശോധിക്കുമ്പോള്‍ നാല് വിഭാഗങ്ങളായി ഈ സംഘടനകളെ വേര്‍തിരിക്കാവുന്നതാണ്. ഇസ്ലാമിക വാദികളും മാവോയിസ്റ്റുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയും തമിഴ് തീവ്രവാദ സംഘടനകളും. രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനകളാണ് ഇവയിലധികവും. ഇത്രയും സംഘടനകള്‍ മാത്രമാണോ രാജ്യത്ത് ഭീകരവാദ-നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്? അല്ലെന്നാണ് മറുപടി. നിയമപരമായ ചില മാനദണ്ഡങ്ങള്‍ വച്ചുകൊണ്ടാണ് ഇത്രയും സംഘടനകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ പരിധിക്കു പുറത്ത് നിരവധി ഭീകരവാദ സംഘടനകളും നിയമവിരുദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നതായി വേണം മനസ്സിലാക്കാന്‍. ഉദാഹരണത്തിന് കേരളം തന്നെ എടുക്കാം. ഇസ്ലാമിക ഭീകര സംഘടനയായ ‘സിമി’ പട്ടികയിലുണ്ട്. അതേസമയം മുന്‍ ‘സിമി’ക്കാരും മറ്റും കൂടുതല്‍ തീവ്രമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ഫ്രണ്ടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. മതത്തിന്റെ പേരില്‍ വിദ്വേഷം സൃഷ്ടിക്കുകയും കൊലപാതകങ്ങള്‍ നടത്തുകയും ദേശവിരുദ്ധ വികാരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ സംഘടനയെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണല്ലോ.
ഭീകര സംഘടനകള്‍ക്കു പുറമെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളും ഫലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ തന്നെയാണ്. ഇവയോടൊപ്പം സര്‍ക്കാരിന്റെ ലിസ്റ്റില്‍പ്പെടുന്ന സംഘടനകളെയും ചേര്‍ക്കുമ്പോള്‍ അത് വലിയൊരു സംഖ്യയായിരിക്കും. രാജ്യത്ത് തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കുഴപ്പങ്ങളുണ്ടാക്കാന്‍ ഇവയ്ക്കു കഴിയും. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചത് ഭാരതത്തിലെ ഇസ്ലാമിക തീവ്രവാദികളെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. അവര്‍ അത് മറച്ചുപിടിക്കുന്നുമില്ല. സമൂഹമാധ്യമങ്ങളിലൂടെ വിഷലിപ്തമായ പ്രചാരണം നടത്തുകയാണ് ഇവര്‍. അഫ്ഗാനില്‍ അധികാരം പിടിച്ചപ്പോള്‍ താലിബാനെ വാഴ്ത്തിക്കൊണ്ട് ദല്‍ഹി വര്‍ഗീയ കലാപത്തിലെ പ്രതികളിലൊരാള്‍ പ്രഖ്യാപിച്ചത് ഇവിടുത്തെ ആസാദിക്ക് അത് പ്രചോദനം നല്‍കുമെന്നാണ്. ജമ്മുകശ്മീരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഭീകരപ്രവര്‍ത്തനം ശക്തമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം നാനൂറോളം ഭീകരരെയാണ് കശ്മീരില്‍ സുരക്ഷാ സേന വധിച്ചത്. രാജ്യത്ത് കേരളത്തിലും കര്‍ണാടകയിലുമാണ് ഏറ്റവും കൂടുതല്‍ ഐഎസ് ഭീകരരുള്ളതെന്ന് ഐക്യരാഷ്ട്രസഭ തന്നെ അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുന്നവരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് ചെയ്ത് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമൊക്കെ കണ്ടെടുക്കുന്നത് പതിവാണ്. അഫ്ഗാനില്‍ സംഭവിച്ചത് ഭാരതത്തില്‍ സംഭവിച്ചു കാണാനാണ് ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ ആഗ്രഹിക്കുന്നത്. ഇതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ ഭീഷണിയെ ഒട്ടും കുറച്ചു കാണാനാവില്ല.
പുറത്തുള്ള ശത്രുവിനേക്കാള്‍ രാജ്യത്തിനകത്തുള്ള ശത്രുവാണ് കൂടുതല്‍ അപകടകാരി. അതിര്‍ത്തി പ്രദേശങ്ങളില്‍ താലിബാന് ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ ഒട്ടും കുറവല്ല നമുക്കിടയിലെ താലിബാന് അനുഭാവികള്‍ ഉണ്ടാക്കാന്‍ പോകുന്ന അപകടം. താലിബാന്റെ വിജയത്തെ വിസ്മയമായി കാണുന്നവര്‍ കേരളത്തിലും സജീവമാണല്ലോ. അഫ്ഗാനില്‍ അരങ്ങേറിയത് മറ്റിടങ്ങളില്‍ സംഭവിച്ചു കാണാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ജിഹാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളെടുത്താല്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായും മനുഷ്യാവകാശ ലംഘനവുമൊക്കെയായും ചിത്രീകരിക്കും. ഇതിനുവേണ്ടി സ്വന്തം അധീനതയിലുള്ളതും സ്വാധീനിക്കാവുന്നതുമായ മാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കും. മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുക്കും. തങ്ങളുടെ വിധ്വംസക അജണ്ടയെ എതിര്‍ക്കുന്ന ഒരു സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലുള്ളത് ജിഹാദികളെ കുറച്ചൊന്നുമല്ല അസഹിഷ്ണുക്കളാക്കുന്നത്. മതത്തിന്റെ പേരില്‍ കഴിയാവുന്ന രീതിയിലൊക്കെ അവര്‍ അക്രമം അഴിച്ചുവിടുകയാണ്. അടുത്തിടെയാണ് മതനിന്ദ ആരോപിച്ച് ഗുജറാത്തില്‍ ഒരു യുവാവിനെ അരുംകൊല ചെയ്ത കേസില്‍ ഒരു മൗലവി പിടിയിലായത്. ഇത്തരം മതപരമായ ഹിംസകളെ എതിര്‍ക്കാന്‍ ഇസ്ലാം സമാധാനമാണ് എന്നു അവകാശപ്പെടുന്ന മതേതരവാദികളും ലെഫ്റ്റ് ലിബറലുകളും തയ്യാറാവുന്നില്ല എന്നതാണ് വിരോധാഭാസം. ഇവര്‍ ജിഹാദികളുടെ സംരക്ഷകരായി മാറുകയാണ്. ഇസ്ലാമിക ഭീകര സംഘടനകളെ അതിശക്തമായി അടിച്ചമര്‍ത്തുന്നതിനൊപ്പം മാധ്യമ പ്രവര്‍ത്തനത്തിന്റെയും മറ്റും മുഖംമൂടിയണിഞ്ഞ് നടക്കുന്ന ഇക്കൂട്ടരുടെ പിണിയാളുകളെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: