രാജപുരം(കാസര്‍കോട്): പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ച നാല് ബിഎംഎസ് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ജില്ലയിലെ സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നു. സാമ്പത്തികമായി യാതൊരു അടിത്തറയുമില്ലാത്ത നാല് കുടുംബങ്ങളുടെ അത്താണിയായിരുന്ന ജീവനുകളെയാണ് ലോറി അപകടത്തിന്റെ രൂപത്തില്‍ വിധി തട്ടിയെടുത്തത്.
പ്രായപൂര്‍ത്തിയായ രണ്ടുപേരടക്കം, പറക്കമുറ്റാത്ത എഴ് കുട്ടികള്‍ക്ക് അപകടത്തിലൂടെ തങ്ങളുടെ അച്ഛനെ നഷ്ടപ്പെട്ടു. നിനച്ചിരിക്കാതെയാണ് പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ അയല്‍വാസികളും സുഹൃത്തുക്കളുമായ ഐ. എങ്കാപ്പു (47), കെ. നാരായണന് (42), എന്‍. വിനോദ് (ബാബു37), കെ.എം. മോഹനന് (43) എന്നിവരെ ഒരേദിവസം മരണം തട്ടിയെടുത്തത്.
പാണത്തൂരില്‍ ലോഡിങ് തൊഴിലാളികളായ നാലുപേരും രാപ്പകല്‍ അധ്വാനിച്ചാണ് കുടുംബം പോറ്റിയിരുന്നത്. ഡിസംബര്‍ 23 നാണ് പാണത്തൂര്‍ പരിയാരത്ത് നാടിനെ നടുക്കിയ ലോറി അപകടമുണ്ടായത്. കല്ലപ്പള്ളിയില്‍ നിന്ന് മരവുമായി പാണത്തൂരിലേക്ക് വരികയായിരുന്ന ലോറി പരിയാരം ഇറക്കത്തില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരങ്ങളുടെ ഇടയില്‍പ്പെട്ട് ഞെങ്ങിയും ഞെരുങ്ങിയുമാണ് ലോഡിങ്ങ് തൊഴിലാളികള്‍ മരണപ്പെട്ടത്.
ഭാര്യ സുശീല, മക്കളായ സുധി, ശ്രുതി എന്നിവരടങ്ങുന്നതാണ് അപകടത്തില്‍ മരിച്ച എങ്കാപ്പുവിന്റെ കുടുംബം. കുടുംബത്തിന്റെ പ്രാരാബ്ദം ചുമക്കുന്ന അച്ഛനെ സഹായിക്കാന്‍ പത്താം ക്ലാസ് പഠനത്തിന് ശേഷം തുടര്‍പഠനം നടത്താതെ മകന് സുധിയും ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. മകള്‍ ശ്രുതി പത്താം ക്ലാസ് കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ് കോഴ്സ് പഠിക്കുന്നു. ഇവര്‍ക്ക് ഇതുവരെ നല്ലൊരു വീട് നിര്‍മ്മിക്കാനായിട്ടില്ല. താങ്ങും തണലുമായിരുന്ന എങ്കാപ്പു മരിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഭാര്യ സുശീലയും മക്കളും. ലൈഫ് ഭവന പദ്ധതിയിലും ഇവരുടെ പേര് ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. 25 സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്.
ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാണത്തൂര്‍ വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ പത്തു വയസ്സുകാരന് നിഖിലും അനുജത്തി നിരഞ്ജനയും ഇപ്പൊഴും അച്ഛന് വരുന്നതും കാത്തിരിപ്പാണ്. അച്ഛന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഇവര്‍ക്ക് മനസ്സിലായിട്ടില്ല. ഭര്‍ത്താവ് കെ. നാരായണന്റെ വിയോഗത്തില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ഭാര്യ പ്രിയയും മുക്തയായിട്ടില്ല. മക്കളുടെ ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍ പ്രിയയുടെ മുന്നില്‍ ഇരുട്ട് മാത്രമാണ്. സ്വന്തമായി സ്ഥലവും വീടുമില്ലാത്തതിനാല്‍ കുടുംബവീട്ടിലാണ് താമസം. ഇവര്‍ക്കും സര്‍ക്കാര്‍ പദ്ധതിയില്‍ വീട് ലഭിച്ചിട്ടില്ല. അപേക്ഷ നല്‍കിയെങ്കിലും ലൈഫ് ഭവന പദ്ധതി പട്ടികയിലും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
അച്ഛന് ജോലികഴിഞ്ഞു വരുമ്പോള്‍ കൊണ്ടുവരുന്ന മധുര പലഹാരവും പ്രതീക്ഷിച്ച് ഇന്നും കാത്തിരിക്കുകയാണ് ലോറി അപകടത്തില്‍ മരിച്ച എന്‍. വിനോദ് എന്ന ബാബുവിന്റെ പറക്കമുറ്റാത്ത കുഞ്ഞുമക്കള്‍. അച്ഛന് ദൂരയാത്രയിലാണെന്ന് മക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ് ബന്ധുക്കള്‍. അച്ഛന് ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം അറിയാതെ കളിചിരിയുമായി കഴിയുന്ന മക്കളെ കാണുമ്പോള്‍ ബാബുവിന്റെ ഭാര്യ ശോഭയുടെ ഇടനെഞ്ച് പൊട്ടും.
മക്കളെ പട്ടിണിക്കിടാതെ എങ്ങനെ നോക്കുമെന്നാലോചിക്കുമ്പോള്‍ ശോഭയുടെ മനസ്സില്‍ ആധിയാണ്. വൈഷ്ണവ്, വര്‍ഷിത, വൈശാഖ് എന്നിവരാണ് മക്കള്‍. വൈഷ്ണവ് പാണത്തൂര്‍ ചിറങ്കടവ് ഗവണ്മെന്റ് ഹൈസ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയാണ് ബാബുവിന്റെ കുടുംബം താമസിക്കുന്നത് ഇതിന് പട്ടയം ലഭിച്ചിട്ടില്ല. ഇവിടുത്തെ കുടിവെള്ളം പ്രശ്നം പരിഹരിക്കാന്‍ ആര്‍എസ്എസ് ജില്ലാ സംഘചാലകും കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ. ദാമോദരന്‍ ആര്‍ക്കിടെക്ട് കുഴല്‍ കിണര്‍ കുഴിച്ചു നല്കി മാതൃകയായിരുന്നു.
സ്വന്തമായൊരു വീടെന്ന മോഹം സാക്ഷാത്കരിക്കാനുള്ള തത്രപ്പാടിനിടെയാണ് കെ.എം. മോഹനനെ കുടുംബത്തിന് നഷ്ടമാകുന്നത്. ഭാര്യ എം. ഷീജ, മക്കളായ ശിവാനി, അനന്തു എന്നിവരടങ്ങുന്ന കുടുംബത്തിന്റെ സന്തോഷം ഇല്ലാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. സ്വന്തമായി വീടില്ലാത്തതിനാല്‍ കുടുംബ വീട്ടിലായിരുന്നു മോഹനനും കുടുംബവും താമസിച്ചിരുന്നത്. പാണത്തൂര്‍ വിവേകാനന്ദ വിദ്യാലയത്തിലാണ് മക്കളായ ശിവാനിയും അനന്തുവും പഠിക്കുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും വീട് ലഭിച്ചിട്ടില്ല. മോഹനന് കുടുംബ സ്വത്തായി 70 സെന്റ് സ്ഥലം ലഭിച്ചിരുന്നു. ഇതില്‍ വീട് വയ്ക്കാനുള്ള ആലോചനയ്ക്കിടെയാണ് മരണമെത്തിയത്. സ്വന്തമായൊരു വീടും മക്കളുടെ പഠനവും ഈ നാല് കുടുംബങ്ങള്‍ക്ക് മുന്നിലും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. സ്വന്തമായി ജോലിയോ മറ്റു വരുമാനമോ ഇല്ലാത്ത നാല് കുടുംബങ്ങള്‍ക്കും ഇവരുടെ വീടെന്ന സ്വപ്നവും മക്കളുടെ തുടര്‍ പഠനവും സാക്ഷാത്കരിക്കാന്‍ ഇനി ആശ്രയം കാരുണ്യമതികളുടെ സഹായം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: