ഹൂസ്റ്റൺ : സ്വാമി സത്യാനന്ദ സരസ്വതി വിഭാവനം ചെയ്ത വേൾഡ് ഹിന്ദുപാർലമെന്റ് സാക്ഷാത്ക്കാരത്തിന് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023 കൺവെൻഷനിൽ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വേൾഡ് ഹിന്ദു പാർലമെന്റ് അധ്യക്ഷ സ്ഥാനത്തേക്ക് മാധവൻ ബി നായരെ പ്രസിഡണ്ട് ജി.കെ പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ഏകകണ്ഠമായി തെരഞ്ഞെടുത്തു. ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും പുതിയ ദിശാബോധം നൽകുന്നതിനുമായി വേൾഡ് ഹിന്ദു പാർലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഗ്രഹമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കെ എച്ച് എൻ എ യുടെ 2023 കൺവൻഷനിൽ വേൾഡ് ഹിന്ദു പാർലമെന്റ് ആദ്യ ഉച്ചകോടി നടക്കും. ലോക രാഷ്ട്രങ്ങളിലെ ഹിന്ദു ഭരണാധികാരികൾ, രാഷ്ട്രീയ പ്രമുഖർ, സാംസ്കാരിക നായകർ, സന്യാസിവര്യൻമാർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. കുറഞ്ഞത് അറുപത് രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പ്രതിനിധികളായി എത്തും. ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനമുയർത്തി അഭിസംബോധന ചെയ്ത ചരിത്ര സമ്മേളനത്തിന് ശേഷം ഹിന്ദു ജനതക്ക് ഉണർവേകുന്ന മഹാ സംഭവമായി മാറും വേൾഡ് ഹിന്ദു പാർലമെന്റ് ഉച്ചകോടിയെന്ന് എന്ന് ഭാരവാഹികളായ ജി കെ പിള്ള, സഞ്ജീവ് പിള്ള ബാഹുലേയൻ രാഘവൻ എന്നിവർ . പറഞ്ഞു.
കേരള ഹിന്ദൂസ് ഓ ഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023 കൺവെൻഷനോടനുബന്ധിച്ച് തുടക്കം കുറിക്കുന്ന വേൾഡ് ഹിന്ദു പാർലമെന്റിന്റെ ചെയർമാനായി മാധവൻ ബി നായരെ തെരഞ്ഞെടുക്കപ്പെട്ട മാധവൻ നായർ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഹിന്ദു സംഘടനാ നേതാക്കളുമായി ആശയവിനിമയം തുടങ്ങിയതായി അറിയിച്ചു. ലോകത്തെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിനും പുതിയ ദിശാബോധം നൽകുന്നതിനുമായി വേൾഡ് ഹിന്ദു പാർലമെന്റ് രൂപീകരിക്കണമെന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഗ്രഹമാണ് കൺവൻഷനോടു കൂടി യാഥാർത്ഥ്യമാവുന്നതെന്ന് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട മാധവൻ നായർ പറഞ്ഞു.
എം.ബി.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാധവന് ബി നായര്‍ പ്രവാസി മലയാളികള്‍ക്കിടയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സംരംഭകനുമാണ്. മുൻ ഫൊക്കാന പ്രസിഡന്റായിരുന്ന അദ്ദേഹം ന്യൂജഴ്സി കേന്ദ്രീകരിച്ച് ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. എം.ബി.എന്‍ ഫിനാന്‍സ് സര്‍വീസ് ഇന്‍കോര്‍പ്പറേഷന്റെ സ്ഥാപകനും പ്രസിഡന്റുമാണ്.
തലക്കുളം കുന്നക്കോട് കുടുംബാംഗം രാജ്യശ്രീ ഭാസ്ക്കരപിള്ളയുടെയും രുഗ്മിണി അമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ജനനം. പിതാവ് രാജ്യശ്രീ ഭാസ്ക്കരപിള്ള സ്വാതന്ത്ര്യസമര സേനാനിയും ‘രാജ്യശ്രീ’ എന്ന പത്രത്തിന്റെ പത്രാധിപനും പ്രസാധകനുമായിരുന്നു.
പത്തൊമ്പതാം വയസില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന മാധവൻ നായർ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയില്‍ തന്നെ മാനേജ്മെന്റ് പഠനത്തിലും നിയമത്തിലും പൂന യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് വ്യോമസേനവിട്ട് അഭിഭാഷകവൃത്തി തെരഞ്ഞെടുത്തു. കേരള യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് ആന്റ് മാനേജ്മെന്റില്‍ റിസോഴ്സ് പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് ജൂറി ഇന്‍വെസ്റ്റ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രൊഫഷണല്‍ മെമ്പര്‍ഷിപ്പ് നേടി ഷെയര്‍ ബ്രോക്കിംഗിലും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് രംഗത്തും സജീവമായി.
അമേരിക്കന്‍ കോളേജ് ഓഫ് ഇന്‍ഷുറന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്രിയന്‍ മാവര്‍ പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ നിന്ന് സിഎച്ച്എഫ്സി പദവിയും മാധവൻ നായർ നേടിയിട്ടുണ്ട്.
സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ തദ്ദേശിയ ദേശീയ രാജ്യാന്തര തലത്തില്‍ വ്യാപൃതനായ അദ്ദേഹത്തന്റെ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2018- 20 കാലയളവില്‍ ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം ഈ കാലയളവില്‍ നടത്തിയ ജീവകാരുണ്യ സന്നദ്ധ സേവനങ്ങള്‍ അദ്ദേഹത്തെ നാട്ടിലും മലയാളി പ്രവാസി സമൂഹത്തിനിടയിലും അദ്ദേഹത്തെ ചിരപരിചിതനാക്കി.
2010ല്‍ മാധവൻ നായർ സ്ഥാപിച്ച എന്‍.എ.എം.എ.എം ( നോർത്ത് അമേരിക്കൻ മലയാളി ആന്റ് അസോസിയേറ്റഡ് മെംബേഴ്സ്) നോര്‍ത്ത് അമേരിക്കയിലെ ശക്തമായ സാമൂഹിക സാംസ്കാരിക സംഘടനയാണ്. 2017ല്‍ സ്ഥാപിച്ച എം.ബി.എന്‍ ഫൗണ്ടേഷന് എന്ന ലോകോപകാരപ്രദ സംഘടന വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിലും സ്തനാര്‍ബുദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: