ന്യൂദല്‍ഹി: വായ്പകള്‍ തിരിച്ചടക്കാന്‍ വിദേശനാണ്യ ശേഖരമില്ലാതെ വന്നപ്പോള്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് 100 കോടി ഡോളര്‍ കടമെടുത്തപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം അതിസമ്പന്നം- 63,400 കോടി ഡോളര്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് തിങ്കളാഴ്ച പാര്‍ലമെന്റില്‍ മേശപ്പുറത്തുവെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ കണക്ക്.
എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ സാമ്പത്തിക രംഗം സുശക്തവും സുരക്ഷിതവുമാണ്. റിസര്‍വ്വ് ബാങ്കിന്റെ വിദേശ നാണ്യ ശേഖരം കനത്തതാണ്. 2021 ഡിസംബര്‍ 31ലെ കണക്ക് പ്രകാരം അത് 63,400 കോടി യുഎസ് ഡോളരാണ്. അതുപോലെ ഇന്ത്യയിലേക്ക് സുസ്ഥിരമായി വിദേശത്ത് നിന്നും നേരിട്ടുള്ള നിക്ഷേപവും എത്തുന്നുണ്ട്.വിദേശ നാണ്യശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ തന്നെ നാലാം സ്ഥാനത്തേക്ക് ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.
ഒന്നര മാസം മുന്‍പ് സൗദിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ 300 കോടി ഡോളറില്‍ 200 കോടി ഡോളറും ചെലവാക്കിയ അവസ്ഥയിലായിരുന്നു പാകിസ്ഥാന്. ഇതോടെ ജനവരി 14ന് പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം 1700 കോടി ഡോളര്‍ എന്ന ദയനീയാവസ്ഥയിലേക്ക് താഴ്ന്നു. ചില പ്രധാന വിദേശവായ്പകള്‍ തിരിച്ചടക്കാന്‍ വേണ്ട മിനിമം വിദേശ നാണ്യ ശേഖരം നിലനിര്‍ത്താനാണ് പാകിസ്ഥാന് കഴിഞ്ഞ ആഴ്ച 7.95 ശതമാനം പലിശയ്ക്ക് 100 കോടി യുഎസ് ഡോളര്‍ കടമെടുത്തതെന്ന് പാകിസ്ഥാന് ധനകാര്യമന്ത്രാലയം പറയുന്നു.
മാന്ദ്യം മൂലം ആഗോള പണലഭ്യതയുടെ കാര്യത്തില്‍ ദൗര്ലഭ്യമുണ്ടായേക്കുമെന്ന പ്രവചനമുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2022-23 ഭയപ്പെടേണ്ടതില്ലാത്ത വര്‍ഷമാണെന്നും സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കാരണം ഇന്ത്യയുടെ കയറ്റുമതി വരുമാനം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. എന്നാല്‍ പാകിസ്ഥാന് ആശങ്കയിലാണ്. അവിടെ കയറ്റുമതിയേക്കാള്‍ കൂടുതലാണ് ഇറക്കുമതിയെന്നതിനാല്‍ ധനക്കമ്മി വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണ്.
ഇന്ത്യയുടെ ബാഹ്യകടം 5,300 കോടി ഡോളറാണ്. എന്നാല്‍ 2021-22ല്‍ സര്‍ക്കാര്‍ വരുമാനത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായതിനാല്‍ ഭയപ്പെടാനില്ല. ജനങ്ങള്‍ക്കുള്ള സാമൂഹ്യ ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള മൂലധനച്ചെലവ് വഹിക്കാനും സാധിക്കും. സര്‍ക്കാരിന്റെ കടം 2019-20ല്‍ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 49.1 ശതമാനമായിരുന്നത് 2020-21ല്‍ 59.3 ശതമാനമായി ഉയര്‍ന്നത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സാമ്പദ്ഘടനയുടെ തിരിച്ചുവരവോടെ കടബാധ്യത താനെ കുറയുമെന്ന് സാമ്പത്തിക സര്‍വ്വേ പറയുന്നു.
സര്‍ക്കാര്‍ വരുമാനത്തില്‍ നല്ല കുതിപ്പുണ്ടാകുന്നു എന്നത് ആശാവഹമാണ്. 2021 ഏപ്രില്‍-നവമ്പറില്‍ ഇത് 67.2 ശതമാനം ഉയര്‍ന്നു. മാസം തോറുമുള്ള ജിഎസ്ടി പിരിവ് 2021 ജൂലായ് മുതല്‍ ഒരു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള നികുതിയില്‍ വ്യക്തിഗത വരുമാന നികുതിയില്‍ 47.2 ശതമാനം വളര്‍ച്ചയും കോര്‍പറേറ്റ് വരുമാന നികുതിയില്‍ 90.4 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയതായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: