ലഖ്നോ: കോവിഡ് പ്രൊട്ടോക്കോള്‍ പരിമിതകളെ മറികടന്ന് ടെക്നോളജിയുടെ സഹായത്തോടെ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലി. 21 നിയമസഭാ മണ്ഡലങ്ങളെയും 98 മണ്ഡലുകളെയും സ്പര്ശിക്കുന്നതായിരിക്കും ഈ വെര്‍ച്വല്‍ റാലി. ജനവരി 31 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി ആദ്യ വെര്‍ച്വല്‍ റാലിയിലൂടെ ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്യുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മേല്‍നോട്ടത്തില്‍ വന്‍ ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു റാലിയില്‍ പരമാവധി 500 പേരെയാണ് അനുവദിക്കുന്നത്. പ്രധാനമന്ത്രിയുടെ തത്സമയ റാലിയും പ്രസംഗവും എല്‍ഇഡി സ്ക്രീനില്‍ കാണിക്കാനാണ് ബിജെപി പദ്ധതി. 21 നിയമസഭാ മണ്ഡലങ്ങളും 98 മണ്ഡലുകളും ഉള്‍പ്പെടുന്ന പ്രദേശത്തെ 100 കേന്ദ്രങ്ങളില്‍ എല്‍ഇഡി സ്ക്രീനുകള്‍ സ്ഥാപിച്ച് അത് വഴി മോദിയുടെ പ്രസംഗം ജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതി. എല്‍ഇഡി സ്ക്രീന്‍ സ്ഥാപിച്ചിരിക്കുന്ന ഓരോ കേന്ദ്രങ്ങളിലേക്കും 500 വീതം പേരെ എത്തിക്കും. അതുവഴി ഒരേ സമയം പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലിയും പ്രസംഗവും നൂറ് കേന്ദ്രങ്ങളിലായി 50,000 പേര് കേള്‍ക്കും.
ഇതിന് പുറമെ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലി ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി പരമാവധി പേരില്‍ എത്തിക്കാനും ശ്രമിക്കും. ഇതുകൂടിയാവുമ്പോള്‍ ഒരേ സമയം 21 നിയമസഭാ മണ്ഡലങ്ങളിലായി 10 ലക്ഷം പേരെങ്കിലും മോദിയുടെ പ്രസംഗം കേള്‍ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
ഏഴ് ഘട്ടങ്ങളിലായുള്ള ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫിബ്രവരി 10ന് തുടങ്ങി മാര്‍ച്ച് ഏഴിന് അവസാനിക്കും. തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: