കൊച്ചി: കായം വിറ്റ് മാസം തോറും 25 ലക്ഷം സമ്പാദിക്കുന്ന മൂന്ന് സഹോദരിമാരുടെ കമ്പനിയായ ‘3 വീസ്’ ഇപ്പോള്‍ യുവ ബിസിനസ് സംരംഭകര്‍ക്ക് പ്രചോദനമാകുന്നു.
എം.ബി.എ. ബിരുദധാരിയും മലയാളിയുമായ വര്‍ഷ പ്രശാന്ത് വ്യത്യസ്തമായ ഒരു ബിസിനസ് ആശയം തേടി നടക്കുമ്പോഴാണ് കായത്തില്‍ എത്തിയത്. ബിസിനസില്‍ സഹോദരിമാരായ വിസ്മയയെയും വൃന്ദയെയും ഒപ്പം കൂട്ടി. കമ്പനിക്ക് പേരിന്റെ ആദ്യാക്ഷരമായ വി ചേര്‍ത്ത് 3 വീസ് എന്ന് പേരുമിട്ടു.
പക്ഷെ ഇവരുടെ ബിസിനസ് ത്വര അസാഫോയിറ്റിഡ എന്ന കായം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഒതുങ്ങിയില്ല. പകരം കായം ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു. ഇത് വിപണിയില്‍ ക്ലിക്കായി. ഇപ്പോള്‍ ഇവര്‍ കറിപ്പൊടികളും പ്രഭാതഭക്ഷണ സ്റ്റേപ്പിളുകളും നിര്‍മ്മിച്ച് ഉല്പന്നശ്രേണി വിപുലീകരിക്കുകയാണ് ഈ ത്രിമൂര്‍ത്തികളായ സഹോദരിമാര്‍. 2019ല്‍ ആരംഭിച്ച കമ്പനി മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതിമാസം 25 ലക്ഷം വീതം വിറ്റുവരവുള്ള കമ്പനിയാണ് 3വീസ്. എറണാകുളത്തെ കളമശേരിയിലാണ് 3വീസ് കമ്പനിയുടെ പ്രൊഡക്ഷന്‍ യൂണിറ്റ്.
മൂന്ന് സഹോദരിമാരും കമ്പനിയിലെ ഉത്തരവാദിത്വം വീതിച്ചെടുത്തിരിക്കുകയാണ്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വര്‍ഷയുടെ ചുമതലയാണ്. സിഎ വിദ്യാര്‍ഥിനിയായ വിസ്മയ സാമ്പത്തിക കാര്യങ്ങളും, ബി.ബി.എ. ബിരുദധാരിയായ വൃന്ദ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും, സോഷ്യല്‍ മീഡിയ പ്രമോഷനുകളും ചെയ്യുന്നു. മാതാപിതാക്കളുടെ പിന്തുണയും മക്കള്‍ക്കുണ്ട്. ഒരു സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് ആയി സ്ഥാപിതമായ കമ്പനി, ഇപ്പോള്‍ പ്രൈവറ്റ് ലിമിറ്റഡ്ആണ്. ഇപ്പോള്‍ 30 ജോലിക്കാരുണ്ട്- നിര്‍മ്മാണത്തിനും വിതരണത്തിനുമായി.
കായം കേരളത്തിലെ അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഉല്പന്നമാണെങ്കിലും കേരളത്തില്‍ ഇവയുടെ ഉല്‍പ്പാദനം കുറവാണ്. ഫെറുല ചെടിയുടെ വേരുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു തരം പശയാണ് കായം. ഈ പശ ഉണങ്ങിയാല്‍ പാചകത്തിനും ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കായം ഉല്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും ഇറാനും. ഇന്ത്യയിലാണ് ആവശ്യക്കാര്‍ ഏറെ. ആയുര്‍വേദ ചികിത്സാ രീതികളിലും കായത്തിനു വലിയ സ്വാധീനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: