ന്യൂദല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ച മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. രാജ്യത്ത് ഇന്നു കാണുന്ന സാംസ്കാരിക ദേശീയത പൗരധര്മ്മത്തിലധിഷ്ഠിതമായ ദേശീയതയ്ക്ക് എതിരാണെന്ന ഹമീദ് അന്‍സാരിയുടെ വാക്കുകള്‍ക്ക് മറുപടിയുമായാണ് നഖ്വി രംഗത്തെത്തിയത്.
നരേന്ദ്ര മോദിയോടുള്ള അന്ധമായ എതിര്‍പ്പ് ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയായി മാറുകയാണെന്ന് നഖ്വി പറഞ്ഞു. മോദിയെ അപമാനിച്ച് അതിപ്പോള്‍ രാജ്യത്തെ അപമാനിക്കുന്നതിലെത്തി. ന്യൂനപക്ഷ വോട്ടുകള്‍ ചൂഷണം ചെയ്തിരുന്ന ആളുകള്‍ ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനുകൂല അന്തരീക്ഷത്തില്‍ ആശങ്കാകുലരാണ്. അതാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സാംസ്കാരിക ദേശീയതയുടെ വളര്‍ച്ചയാണ് സമീപകാലത്തായി കാണുന്നതെന്നായിരുന്നു ഹമീദ് അന്‍സാരിയുടെ വാക്കുകള്‍. മതഭൂരിപക്ഷത്തിന്റെയും കുത്തക രാഷ്ട്രീയത്തിന്റെയും മറവില്‍ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാനാണ് ഇന്ന് രാജ്യത്ത് ശ്രമം. വര്‍ഗീയ മനോഭാവം വളര്‍ത്തുന്നതിന് ഭരണകൂടം ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും അസഹഷ്ണുതയും വളര്‍ത്താനാണ് ശ്രമം. യുവാക്കളെ തെറ്റായ രീതിയില്‍ എത്തിച്ച് ആളുകള്‍ക്കിടയില്‍ ചേരിതിരിവ് വരുത്തുവാന്‍ ശ്രമിക്കുന്നുവെന്നും ഹമീദ് പറഞ്ഞു. ഇന്ത്യ-അമേരിക്ക മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കെവെയാണ് രാജ്യത്ത് ഇപ്പോള്‍ പ്രകടമാവുന്ന ദേശീയതയെ ഹമീദ് അന്‍സാരി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: