ന്യൂദല്‍ഹി: ഇന്ത്യയുടെ വാക്സിനേഷന് ഡ്രൈവിന് നല്കുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യയിലെ കോറോണ പ്രതിരോധ കുത്തിവെപ്പിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് വിശേഷിപ്പിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നത് തുടരുമെന്നു അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ 60 കോടിയോളം ജനങ്ങളിലേക്ക് വാക്സിന് എത്തിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. യുഎന്നിന്റെ പ്രതിദിന മാദ്ധ്യമസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍വൈലന്‍സ് ശക്തിപ്പെടുത്തുക, പ്രതിരോധ ഘടകങ്ങള്‍ നീരീക്ഷിക്കുക, ലാബ് കപ്പാസിറ്റി ത്വരിതപ്പെടുത്തുക, കൂടുതല്‍ പ്രതിരോധ സംവിധാന ആശയങ്ങള്‍ വികസിപ്പിക്കുക, ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുക, ജീവന് രക്ഷാ ഉപാധികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കാര്യങ്ങളില്‍ ഐക്യരാഷ്ട്ര സഭ നേതൃത്വം നല്കുന്ന സംഘം ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും യുഎന്‍ വ്യക്തമാക്കി. റിസ്ക് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് ഇതിനോടകം 1.3 ദശലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതായും യുഎന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: