ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തരംഗം സൃഷ്ടിച്ച് ബിജെപിയിലേക്കെത്തിയ പുതിയ വനിതാ നേതാക്കള്‍ സ്ത്രീസുരക്ഷാ മുദ്രാവാക്യമുയര്‍ത്തി വോട്ടര്‍മാര്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. മുലായം സിങ്ങിനെ മരുമകള്‍ അപര്‍ണ യാദവ്, കോണ്‍ഗ്രസില്‍ നിന്നും പ്രിയങ്കാ ഗാന്ധിക്കെതിരെ യുദ്ധം ചെയ്ത് പടിയിറങ്ങി ബിജെപിയില്‍ എത്തിയ അദിതി സിങ്ങ്, പ്രിയങ്ക മൗര്യ എന്നിവരെ ഒന്നി്ച്ചണിനിരത്തിയുള്ള ക്യാമ്പയിന്‍ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. ബിജെപി ഇവരിലൂടെയും അല്ലാതെയും സ്ത്രീസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഇവര്‍ക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തു. പ്രധാനപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയെ ലാക്കാക്കിയുള്ള കുറിക്കുകൊള്ളുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇവര്‍ മുഴക്കിയത്. സ്ത്രീസുരക്ഷ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു ഇവരുടെ ക്യാമ്പയിന്‍. തിരക്കുള്ള ഹസ്‌റത്ഗഞ്ജ് ക്രോസിംഗില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ത്രീകള്‍ നയിക്കുന്ന പ്രകടനം മാധ്യമങ്ങളിലും വലിയ വാര്‍ത്തയാണ്.
ഇതില്‍ അദിതി സിങ്ങ് കോണ്‍ഗ്രസ് കോട്ടയായ റായ് ബറേലിയില്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ഇവര്‍ പ്രിയങ്ക ഗാന്ധിയെ ധൈര്യമുണ്ടെങ്കില്‍ റായ് ബറേലിയില്‍ മത്സരിക്കൂ എന്ന് വെല്ലുവിളിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ലഡ്കി ഹൂം ലഡ് ശക്തി ഹൂം (ഞാന്‍ സ്ത്രീയാണ്, എനിക്ക് വെല്ലുവിളികള്‍ നേരിടാന്‍ കഴിയും) എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു പ്രിയങ്ക മൗര്യ. എന്നാല്‍ പ്രിയങ്കാഗാന്ധിയുടെ സ്ത്രീ ശാക്തീകരണ മുദ്രാവാക്യങ്ങള്‍ വെറും അധരവ്യായാമമാണെന്ന് തുറന്നടിച്ചാണ് പ്രിയങ്ക മൗര്യ ബിജെപിയില്‍ എത്തിയത്.
സ്ത്രീസുരക്ഷയുടെ പ്ലക്കാര്‍ഡുകള്‍ പിടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പം ബിജെപിയുടെ ഈ പുതിയ വനിതാ നേതാക്കള്‍ ഹസ്‌റത്ത്ഗഞ്ജിലും ലാല്‍ബാഗിലും വീടുവീടാന്തരം നടന്ന് കഴിഞ്ഞ ദിവസം പ്രചാരണം നടത്തി. ഒടുവില്‍ ബിജെപി ഓഫീസില്‍ പ്രചാരണം അവസാനിച്ചു. സ്ത്രീസുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ട്ടിയേയും കടന്നാക്രമിക്കുകയാണ്. ഇക്കുറി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വനിതാവോട്ടര്‍മാരുടെ എണ്ണം കൂടുതലാണ്. 1960കളില്‍ സ്ത്രീ വോട്ടര്‍മാര്‍ 40 ശതമാനം ആയിരുന്നെങ്കില്‍ 2019 എത്തുമ്പോള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 60 ശതമാനമായി.
സ്ത്രീ ശാക്തീകരണത്തിന്റെ മുഖമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച പ്രിയങ്ക മൗര്യ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ്. സ്ത്രീ ശാക്തീകരണം എന്ന പ്രിയങ്കയുടെ മുദ്രാവാക്യം പൊള്ളയാണെന്നും പ്രിയങ്ക മൗര്യ പറയുന്നു. അപര്‍ണ്ണായാദവിന്റെ സാന്നിധ്യത്തില്‍, അനുരാഗ് താക്കൂര്‍ സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്തെ സ്ത്രീ അരക്ഷിതാവസ്ഥയെക്കുറിച്ച് ആഞ്ഞടിച്ചു. അപര്‍ണ്ണ യാദവ് താന്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡ് കാട്ടിയാണ് പ്രസംഗിച്ചത്. അതില്‍ ‘സുരക്ഷയും പങ്കാളിത്തവും മകള്‍ക്ക് മാത്രമല്ല, മരുമകള്‍ക്കും’- എന്നാണ് എഴുതിയിരുന്നത്.
‘ബിജെപിയില്‍ മാത്രമാണ് മുലായം സിങ്ങ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണ യാദവിനും സ്വാമിപ്രസാദ് മൗര്യയുടെ മകള്‍ സംഘമിത്ര മൗര്യയ്‌ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നത്,’- അനുരാഗ് താക്കൂര്‍ പറഞ്ഞു. സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ മകള്‍ സംഘമിത്ര മൗര്യ ഇപ്പോഴും ബിജെപിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ ബദോല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്.
‘സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ പ്രതിഞ്ജബദ്ധം, ഇതാണ് സ്ത്രീകളുടെ ശോഭനമായ ഭാവിക്കുള്ള പോംവഴി’- എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ബിജെപി നേതാക്കളായ അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവും സ്ത്രീകളുടെ സുരക്ഷയെപ്പറ്റി പ്രത്യേകം പ്രസംഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: