ഭാരതം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായതിന്റെ എഴുപത്തിമൂന്നാം വാര്‍ഷികമാണ് ഇന്ന്. ഭരണഘടന നിലവില്‍ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിര്‍മാണ സഭ ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് അത് പ്രാബല്യത്തിലായത്. 1950 ജനുവരി 26 ആയിരുന്നു ആ സുദിനം. അന്നു മുതല്‍ നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചുവരികയാണ്. രാജ്യതലസ്ഥാനത്തെ രാജ്പഥില്‍നിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റില്‍ അവസാനിക്കുന്ന സൈനിക പരേഡാണ് റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും പ്രധാന പരിപാടി. സര്‍വ സൈന്യാധിപന് രാഷ്ട്രപതി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കുന്ന പരേഡില്‍ രാഷ്ട്രത്തിന്റെ സൈനികമായ കരുത്തും, സാംസ്കാരിക പൈതൃകത്തിന്റെ വൈവിധ്യവും ഏകത്വവും ഒരേപോലെ പ്രകടമാകും. സമൂഹത്തിലെ വിശിഷ്ട വ്യക്തികള്‍ക്ക് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണല്ലോ. ഈ ബഹുമതികളുടെ തിളക്കം ഇപ്പോള്‍ വര്‍ധിച്ചുവരികയുമാണ്. ലോകത്തെ പ്രമുഖനായ ഒരു രാഷ്ട്രത്തലവന് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാറുണ്ടെങ്കിലും കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒന്നു രണ്ടുവര്‍ഷമായി ഈ പതിവ് തെറ്റിയിരിക്കുകയാണ്. ഭാരതത്തിലെ പൗരന്മാര് അവരുടെ സ്വന്തം ഭരണകൂടത്തെ തെരഞ്ഞെടുത്തതിന്റെ അഭിമാനമാണ് ഓരോ റിപ്പബ്ലിക് ദിനാഘോഷത്തിലും പ്രകടമാകാറുള്ളത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം മോചനം നേടിയിട്ടില്ലെങ്കിലും ഈ റിപ്പബ്ലിക് ദിനത്തിലും ജനതയുടെ അഭിമാനത്തിന് ഒട്ടും കുറവു വന്നിട്ടില്ല.
വിധിയെ മുഖാമുഖം നേരിടുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ഭാരതം സ്വാതന്ത്ര്യത്തിലേക്ക് പിറന്നുവീണതെങ്കിലും തുടര്‍ന്നുള്ള കാലത്ത് അങ്ങനെ സംഭവിച്ചതായി കരുതാനാവില്ല. ശാസ്ത്രത്തിന്റെ പേരില്‍ ഊറ്റംകൊള്ളുകയും, വികസനത്തിന്റെയും പുരോഗതിയുടെയും പരകീയ മാതൃകകള്‍ മുന്‍നിര്‍ത്തി ആസൂത്രണം നടത്തുകയും ചെയ്തെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളുടെയും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനായില്ല. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഒരുക്കാന്‍ കഴിഞ്ഞില്ല. ഭരണാധികാരികളുടെ ലക്ഷ്യം അധികാരത്തില്‍ തുടരുകയെന്നത് മാത്രമായപ്പോള്‍ മുന്‍ഗണനകള്‍ മാറ്റിമറിക്കപ്പെട്ടു. ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് ന്യായീകരിച്ച് അഴിമതിയില്‍ പങ്കുപറ്റി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് ജനപ്രതിനിധികളില്‍ ഏറെയും മാറി. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിതകാലം ജനങ്ങളെ മറന്ന് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാമെന്നായി. അട്ടയെപ്പോലെ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുന്നതിന് ഗാന്ധിയും ഖദറുമൊക്കെ മറയാക്കി. ഗാന്ധിജിയുടെ സ്വന്തക്കാര് ചമഞ്ഞ ഒരു കുടുംബം അധികാരം കുത്തകയാക്കി വച്ചപ്പോള്‍ കപടഗാന്ധിയന്മാര്‍ അതിന് ഹല്ലേലൂയ പാടി. അധികാരക്കൊതി മൂത്ത് രാഷ്ട്രവിഭജനത്തെ അംഗീകരിച്ചവര്‍ പില്ക്കാലത്ത് ദേശസുരക്ഷയെ അന്താരാഷ്ട്ര ആയുധ ഇടപാടുകാര്‍ക്ക് അടിയറവച്ചു. മതവര്‍ഗീയവാദികളെയും വിഘടനവാദികളെയും പ്രീണിപ്പിച്ച് വോട്ടുബാങ്ക് ഉറപ്പിച്ചവര്‍, ഭീകരവാദികള്‍ സുരക്ഷാഭടന്മാരുടെ തോക്കിനിരയാവുമ്പോള്‍ പോലും കണ്ണീര്‍പൊഴിക്കുന്നതാണ് കണ്ടത്. ഭരണം ദേശസ്നേഹമില്ലാത്തവരുടെ കൈകളില്‍ അമര്ന്നപ്പോള് ആഭ്യന്തരമായും ബാഹ്യമായും ഉയരുന്ന വെല്ലുവിളികളെ നേരിടാനാവാതെ റിപ്പബ്ലിക് പതറി.
നിരാശാജനകമായ ഈ ദുഃസ്ഥിതിക്ക് മാറ്റം വരണമെന്ന ജനങ്ങളുടെ അഭിവാഞ്ഛയാണ് 2014 ലെ ഭരണമാറ്റത്തില്‍ പ്രതിഫലിച്ചതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും. പിന്നീടുണ്ടായത് മൗലികവും നാടകീയവുമായ മാറ്റങ്ങളാണ്. ഭരണതലത്തിലെ അഴിമതികള്‍ക്ക് വലിയ തോതില്‍ അന്ത്യം കുറിക്കാന്‍ കഴിഞ്ഞു. ജനക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ സുതാര്യതയോടെ നടപ്പാക്കി. ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുന്ന ശക്തികളെയും, ശത്രുതാപരമായി പെരുമാറുന്ന ബാഹ്യശക്തികളെയും ശക്തമായിത്തന്നെ നേരിട്ടു. ഭാരതത്തിന്റെ മണ്ണില്‍ കണ്ണുവച്ച് അതിര്‍ത്തിക്കപ്പുറത്തുനിന്നുണ്ടാകുന്ന നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്കി. വലിയ സൈനിക ശക്തിയായി ഭാരതം മാറിക്കഴിഞ്ഞു. പുത്തന്‍ ലോകക്രമത്തില്‍ രൂപപ്പെടുന്ന ശാക്തിക ചേരികളില്‍ ഭാരതത്തിന്റെ നിലപാടുകള്‍ ഇപ്പോള്‍ നിര്‍ണായകമാണ്. ലോകനേതാവായി ഉയര്‍ന്നിരിക്കുന്ന നരേന്ദ്ര മോദിക്ക് മറ്റ് രാഷ്ട്രങ്ങളില്‍നിന്നും രാജ്യാന്തര വേദികളില്‍ നിന്നുമുള്ള അംഗീകാരവും ആദരവും രാജ്യത്തെ മറ്റൊരു പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ല. ചരിത്ര സത്യങ്ങളെ അഭിമുഖീകരിച്ചും തിരിച്ചറിഞ്ഞും ഭാരതം കരുത്തുനേടുകയാണ്. സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്താനും, സ്വാതന്ത്ര്യസമരത്തിലെ മഹാരഥന്മാരുടെ സംഭാവനകളെ തുടച്ചുനീക്കാനും ചെയ്തു കൂട്ടിയ തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കുന്നു. ധീരദേശാഭിമാനികളെ രാഷ്ട്രം അഭിമാനത്തോടെ ഓര്‍ക്കുകയാണ്. സ്വതന്ത്രപരമാധികാര റിപ്പബ്ലിക് എന്നത് ഭരണഘടനയുടെ ആമുഖത്തിലൊതുങ്ങേണ്ട വാക്കുകളല്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ രാഷ്ട്രം സാക്ഷാത്കരിക്കേണ്ട അവസ്ഥയാണ്. ആ ലക്ഷ്യത്തിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: