കൊല്ലം: പൊതുസ്ഥലം മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കൊല്ലം വനം സര്‍ക്കിളിന് കീഴിലുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ സ്ഥലംമാറ്റിയതില്‍ വനപാലകരില്‍ പ്രതിഷേധം ശക്തമാവുന്നു. ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് പ്രൊമോഷന് നല്കി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആയി നിയമനം നല്‍കുന്നതിന്റെ മറവിലാണ് ഒന്‍പത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സഥലം മാറ്റം കൂടി നടത്തിയത്.
ഡിസംബര്‍ മാസത്തിന് ശേഷം പൊതുസ്ഥലം മാറ്റം അല്ലാതെ മറ്റ് സ്ഥലംമാറ്റങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ മാനദണ്ഡം ലംഘിച്ചാണ് ഇത്രയും പേരെ സ്ഥലം മാറ്റിയത്. വനം വകുപ്പില്‍ പൊതുസ്ഥലം മാറ്റം ഓണ്‍ലൈനിലേക്ക് മാറ്റാനിരിക്കെ അതിനെ അട്ടിമറിക്കാന്‍ വനപാലകരിലെ ഇടത് അനുകൂല സംഘടനയുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് ധൃതിപിടിച്ച് കൊവിഡ് പടരുന്നതിനിടയില്‍ ഇങ്ങനെ ഒരു സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതെന്ന് വനപാലകര്‍ ആരോപിക്കുന്നു. ഇതിന് പിന്നില്‍ സാമ്പത്തിക അഴിമതി നടന്നതായും ആരോപണമുണ്ട്.
മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ കൂട്ടസ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് ആവശ്യപ്പെട്ടു. ഇതിനായി മുഖ്യ വനപാലകന് പരാതി നല്‍കിയതായും റദ്ദാക്കാത്ത പക്ഷം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് തീരുമാനമെന്നും കേരള ഫോറസ്റ്റ് സംഘ് ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: