തൃശ്ശൂര്‍: അഗ്‌നി പടര്‍ന്ന വാക്കുകളിലൂടെ ഒരു നാടിനെ പിടിച്ചുകുലുക്കിയും ഉണര്‍ത്തുകയും ചെയ്ത ഡോ.സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ഇന്ന് 10 വര്‍ഷം. ജന്മംകൊണ്ട് കണ്ണൂര്‍ സ്വദേശിയാണെങ്കിലും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശ്ശൂരിലെത്തി താമസമാക്കിയതോടെ അഴീക്കോട് പിന്നീട് സാംസ്‌കാരിക തലസ്ഥാനത്തിന്റെ സ്വന്തമായി. വിയ്യൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹം പിന്നീട് പൂത്തൂര്‍ എരവിലംഗലത്ത് പുഴയോരത്ത് സ്ഥലം വാങ്ങി വീട് വെച്ചതോടെയാണ് തൃശ്ശൂര്‍ക്കാരനായത്.
അഴീക്കോടിന്റെ പത്താം ചരമവാര്‍ഷികമായ ഇന്ന് രാവിലെ 10.30ന് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ പുത്തൂര്‍ എരവിമംഗലത്തുള്ള അഴീക്കോടിന്റെ വസതിയില്‍ ഛായാചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തും. മന്ത്രി കെ.രാജന്‍, അക്കാദമി പ്രസിഡന്റ് വൈശാഖന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അധ്യാപകന്‍, സാഹിത്യ വിമര്‍ശകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, സാമൂഹ്യ നിരീക്ഷകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 82-ാം വയസില്‍ വിടപറയുന്നത് വരെയും വ്യക്തിജീവിതത്തിലും സാഹിത്യത്തിലും നട്ടെല്ല് നിവര്‍ത്തിയാണ് നടന്നുതീര്‍ത്തത്.
അദ്ദേഹത്തിന്റെ വാക്കുകളിലെ കണിശതയും കാര്‍ക്കശ്യവും സാസ്‌കാരിക കേരളം വിവിധ വിഷയങ്ങളിലും കണ്ടിരുന്നു. ഭരണകൂടത്തിന്റെ തെറ്റായ നടപടികളെ രൂക്ഷമായ ഭാഷയില്‍ തന്നെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ‘സാഗര ഗര്‍ജന’മെന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത പ്രാസംഗികലോകത്തെ ഇന്നും ഇരുളിലാഴ്‌ത്തുന്നു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 2012 ജനുവരി 24ന് രാവിലെ ആറരയോടെയാണ് അഴീക്കോട് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: