ഇടുക്കി: എം.ഐ. രവീന്ദ്രന് നല്കിയ 530 പട്ടയങ്ങളില്‍ ലാന്റ് അസൈന്മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം. സംഭവത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പട്ടയം വിതരണം ചെയ്ത എം.ഐ. രവീന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യം.
നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന കെഡിഎച്ച് വില്ലേജില്‍ മാത്രം 105 പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ നല്കിയ അന്നുതന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങളാണ് അന്വേഷണത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലായി 530 പട്ടയം നല്‍കിയെന്നാണ് സര്‍ക്കാര്‍ പട്ടയം റദ്ദാക്കാനായി കളക്ടര്‍ക്ക് നിര്‍ദേശം നല്കി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അപേക്ഷ നല്‍കുന്നത് മുതല്‍ 9 നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാന്റ് അസൈന്മെന്റ് കമ്മിറ്റിയുടെ അംഗീകാരം. 1999ല്‍ പട്ടയം അനുവദിക്കുമ്പോള്‍ മൂന്ന് തവണയാണ് ലാന്റ് അസൈന്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗങ്ങളില്‍ 104 പട്ടയം അനുവദിക്കാനാണ് അനുമതി നല്‍കിയതെന്ന് എം.ഐ. രവീന്ദ്രന് തന്നെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.
അതോടൊപ്പം നിരവധി പട്ടയങ്ങളില്‍ അപേക്ഷ മുതല്‍ പട്ടയം വരെ ഒന്‍പത് രേഖകളും എഴുതിയത് എം.ഐ. രവീന്ദ്രനാണ്. തന്റെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങള്‍ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രന് വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നൂറിലധികം പട്ടയങ്ങള്‍ നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുക ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും. അതേ സമയം നിര്‍ദേശങ്ങള്‍ മറികടന്ന് പട്ടയങ്ങള്‍ വിതരണം ചെയ്ത രവീന്ദ്രനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: