തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. യാത്രകള്‍ വളരെ അത്യാവശ്യത്തിന് മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. നിയ്ന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും ജനുവരി 30നും കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കാം. രാവിലെ 9- രാത്രി 7 വരെയാണു സമയം. ബവ്റിജസ് കോര്പറേഷന്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പനശാലകള്ക്കു തുറക്കാമോ എന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
കെഎസ്ആര്‍ടിസിയും അത്യാവശ്യ ദീര്‍ഘ ദൂര സര്‍വീസുകള്‍ അടക്കം നടത്തും. ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങള്‍, ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
പഴം, പച്ചക്കറി, പലചരക്ക്, പാല്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 9 വരെ തുറക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല.പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. അടിയന്തര സാഹചര്യത്തില്‍ വര്ക്ഷോപ്പുകള് തുറക്കാം. നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.
രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകള്‍ കൈയില്‍ കരുതണമെന്നാണ് പോലീസ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: