ചാരുംമൂട്: കല്ലട ജലസേചന കനാല്‍ ചോര്‍ച്ച അടിയന്തിരമായി പരിഹരിക്കണമെന്ന് എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ചുനക്കര തെക്കുംമുറിയില്‍ ചാരുംമൂടിന് സമീപം കെ.ഐപി കനാല്‍ ചോര്‍ന്ന് വീടുകളില്‍ വെളളം കയറിയ വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.
ചോര്‍ച്ചയെ തുടര്‍ന്ന് ചുനക്കര വഴി കുറത്തികാടിനുള്ള കനാല്‍ അടച്ചിരിക്കുകയാണ്. ചുനക്കരയുടെ വടക്കന്‍ പ്രദേശത്ത് 250 ഏക്കറിലുള്ള നെല്‍കൃഷിക്കു വേണ്ടുന്ന ജലവിതരണം ഇതോടെ തടസപ്പെട്ടു. കടുത്ത ചൂടില്‍ നെല്‍പ്പാടങ്ങള്‍ വീണ്ടുകീറുന്ന സാഹചര്യമാണ്. കുടിവെളള ക്ഷാമവും രൂക്ഷമാകും. അടയന്തരമായി ജലം എത്തിക്കുന്നതിന് കനാല്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് കെ.ഐ.പി. എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ സാം ആന്റണി, അസി.എക്സിക്യീട്ടീവ് എന്‍ജിനീയര്‍ ഷാനിഫാ ബീവി, ചാരുംമൂട് അസി. എന്‍ജിനീയര്‍ സുകന്യ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി.
ജലസേചന മന്ത്രി റോഷി അഗസ്റ്റിന്, കൃഷിമന്ത്രി പി.. പ്രസാദ് എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് തുടര്‍ന്നു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.അനില്‍കുമാര്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ.രാധാകൃഷ്ണന്, കൃഷി ഓഫീസര്‍ സരിത തുടങ്ങിയവരും എംഎല്‍എയുടെ സന്ദര്‍ശന സമയം ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: