കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധവുമായി ജനങ്ങള്‍. അങ്കമാലിയിലാണ് സര്‍വ്വേ കല്ലുകള്‍ പിഴുത് ജനങ്ങള്‍ പ്രതിഷേധം അറിയിച്ചത്. പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉള്‍പ്പടെ പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൂടാതെ പദ്ധതിക്കെതിരെ ഹര്‍ജി നല്‍കിയിട്ടുള്ളവരുടെ ഭൂമിയിലെ സര്‍വ്വേ നീട്ടിവെയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അങ്കമാലിയില്‍ സര്‍വ്വേ കല്ല് പിഴുത പ്രതിഷേധം നടത്തിയിരിക്കുന്നത്.
എറണാകുളം- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ അങ്കമാലി, എളവൂര്‍, പാറക്കടവിലൂടെയാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നത്. ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് വ്യാഴാഴ്ച കെ- റെയില്‍ ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം ഉയരുകയും കെ- റെയില്‍ വിരുദ്ധ സമര സമിതി നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികളുമായി മുന്നോട്ട് പോയത്.
എന്നാല്‍ വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സര്‍വ്വേ കല്ലുകള്‍ പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളില്‍ കല്ല് പിഴുത് വെയ്ക്കുകയും അതിന് മുകളില്‍ റീത്ത് വെയ്ക്കുകയുമായിരുന്നു. സര്‍വേ കല്ലുകള്‍ പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും കേരളത്തില്‍ സ്ഥാപിച്ച കല്ലുകള്‍ക്ക് മുഴുവന്‍ പോലീസ് കാവല്‍ നില്‍ക്കുമോയെന്നും റോജി എം ജോണ്‍ ചോദിച്ചു.
പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയാണ് കല്ലുകള്‍ സ്ഥാപിച്ചത്. ആരുടേയും അനുവാദം ചോദിക്കാതെയാണ് വസ്തുവില്‍ കല്ലുകള്‍ സ്ഥാപിച്ചത്. കോടതിയെ സമീപിച്ച ആളുകളുടെ വാദം പോലും കേള്‍ക്കാതെ ഏകപക്ഷീയമായി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സ്വാഭാവികമായും ജനങ്ങളുടെ പ്രതികരണം അതില്‍ ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: