തൃശ്ശൂര്‍: ഉമ്മന്‍ചാണ്ടിക്കെതിരെയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസ് കൊടുത്തയാളുടെ വീട്ടില്‍ രമേശ് ചെന്നിത്തലയുടെ രഹസ്യ സന്ദര്‍ശനം. ചേറൂര് വില്ലടത്ത് ജോര്‍ജ് വട്ടുകുളത്തിന്റെ വീട്ടിലാണ് പ്രദേശത്തെ പാര്‍ട്ടി നേതാക്കളറിയാതെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയത്. ഡിസിസി പ്രസിഡന്റ് പോലുമറിയാതെയാണ് ചെന്നിത്തല എത്തിയത്. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിയും കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും മാത്രമാണ് ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നത്.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും ബാര്‍ കോഴ കേസില്‍ കെ.എം. മാണി, കെ. ബാബു എന്നിവര്‍ക്കെതിരെയും, കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് സി.എന്‍. ബാലകൃഷ്ണനെതിരെയും വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസ് നല്‍കിയിരുന്നത് ജോര്‍ജ് വട്ടുകുളമാണ്. ചെന്നിത്തലയുടെ സന്ദര്‍ശനം ജോര്‍ജ് വട്ടുകുളം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചപ്പോഴാണ് പ്രദേശത്തെ പാര്‍ട്ടി ഭാരവാഹികള്‍ വിവരമറിഞ്ഞത്.
ഇതോടെ മണ്ഡലം-ബ്ലോക്ക് കമ്മിറ്റികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കോടതികളെ സമീപിക്കുന്ന ജോര്‍ജ് വട്ടുകുളം രമേശിനെതിരെ പരാതികളെന്തെങ്കിലും എടുത്തിട്ടുണ്ടാവുമെന്നും അത് ഒതുക്കാനെത്തിയതാവുമെന്ന സംശയവും ഭാരവാഹികള്‍ ഗ്രൂപ്പുകളില്‍ ഉന്നയിക്കുന്നുണ്ട്.
പരാതി ഡിസിസി, കെപിസിസി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. സന്ദര്‍ശനത്തെക്കുറിച്ച് വസ്തുതാപരമായ വിശദീകരണം ലഭിക്കാതെ പ്രവര്ത്തനങ്ങള്ക്കിറങ്ങില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: