കാഞ്ഞാണി (തൃശൂര്‍): ഇനി പാടശേഖരത്ത് കൊയ്യാനും മെതിക്കാനും മാത്രമല്ല കറന്റുണ്ടാക്കാനും കഴിയും. സംസ്ഥാനത്ത് ആദ്യമായി കോള്‍ മേഖലയില്‍ സ്ഥാപിച്ച സൗരോര്‍ജ നിലയത്തിലൂടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് തൃശൂരിലെ പുള്ള് പാടശേഖരത്ത് പമ്പിങ്ങ് നടത്താനൊരുങ്ങുകയാണ്. ആലപ്പാട് – പുളള് സഹകരണ സംഘത്തിന്റെ മേല്‍നോട്ടത്തിലുള്ള കോള്‍പ്പടവിലാണ് 50 കിലോവാട്ട് ശേഷിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദന ശേഷിയുള്ള നിലയം നിര്‍മ്മിച്ചിരിക്കുന്നത്.
മനക്കൊടി – പുള്ള് പാലത്തിന് സമീപമുള്ള മോട്ടോര്‍ പുരയോട് ചേര്‍ന്നുള്ള കനാല്‍ ബണ്ടില്‍ 10 തൂണുകളില്‍ ഉറപ്പിച്ച ഫ്രെയിമുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 60 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി പാരമ്പര്യേതര ഊര്‍ജം പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് അനെര്‍ട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കണ്ണൂര്‍ ആസ്ഥാനമായുള്ള റെയ്ഡ്കോയുടെ ചുമതലയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് രണ്ട് മാസം മുന്‍പ് നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു.
കൊവിഡ് സാഹചര്യവും സാങ്കേതിക തടസങ്ങളും മൂലം രണ്ടു വര്‍ഷത്തോളം നിര്‍മ്മാണത്തിനെടുത്ത പദ്ധതി കെഎസ്ഇബിയുടെയും അനെര്‍ട്ടിന്റെയും അന്തിമ പരിശോധനക്കു ശേഷം ഈ മാസം അവസാനം കമ്മീഷന് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പ്ലാന്റ് വിജയകരമായതോടെ ഈ മാതൃക സംസ്ഥാനത്തെ കൂടുതല്‍ പാടശേഖരങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് അനെര്‍ട്ടിന്റെ പദ്ധതി.
ഉദ്പാദനവും വിതരണവും
പാടശേഖരത്തെ സോളാര്‍ പ്ലാന്റ് വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നേരിട്ട് കൈമാറും. പാടശേഖരത്ത് മോട്ടോര്‍ വച്ച് പമ്പ് ചെയ്യുന്നതിനാവശ്യമായ വൈദ്യുതിയുടെ തുക കഴിച്ച് ബാക്കി സംഖ്യ കെഎസ്ഇബിയില്‍ നിന്ന് പാടശേഖര സമിതിക്ക് നല്‍കണം എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കര്ഷകന് ഗുണകരം (കെ.വി. ഹരിലാല്‍, ആലപ്പാട് – പുള്ള് സഹ. ബാങ്ക് പ്രസിഡന്റ്)
പാടശേഖരത്തെ പമ്പിങ്ങിനു വേണ്ട വൈദ്യുതി ചാര്‍ജ് കൃഷിവകുപ്പു മുഖാന്തിരം കെഎസ്ഇബിയിലേക്കു നല്‍കേണ്ടത് ഒഴിവാകുന്നതു വഴി സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടം. സോളാര്‍ വൈദ്യുതി വിറ്റ് പാടശേഖര സമിതിക്ക് ലഭിക്കുന്ന തുക കര്‍ഷകര്‍ക്ക് ഗുണം ചെയ്യും.
( കെ. രാഗേഷ്, അരിമ്പൂര്‍ പഞ്ചായത്ത് കര്‍ഷക സംഘം സെക്രട്ടറി)
മറ്റു പടവുകളിലേക്കും പദ്ധതി നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്ക് ഗുണകരം. കറന്റ് വിറ്റ് പാടശേഖരത്തിലേക്ക് ലഭിക്കുന്ന തുക വഴി കൃഷിനാശം മൂലമുള്ള സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കര്ഷകന് മോചനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: