ന്യൂദല്‍ഹി: അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കും വന്‍ തിരിച്ചടി നല്കി മുലായംസിങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍. അഖിലേഷ് യാദവിന്റെ സഹോദരന് പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവാണ് സമാജ്വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവര്‍ അംഗത്വം നല്കി പാര്‍ട്ടിയിലേയ്ക്ക് അപര്‍ണയെ സ്വീകരിച്ചു.
2017ല്‍ ലഖ്നൗ കാന്ത് മണ്ഡലത്തില്‍ നിന്ന് എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അപര്‍ണ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും നടപടികളെ പരസ്യമായി പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. അയോധ്യ രാമക്ഷേത്രനിര്‍മ്മാണം, ദേശീയ പൗരത്വനിയമം എന്നിവയില്‍ ബിജെപിയെ അനുകൂലിച്ച അവര്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് 11 ലക്ഷം രൂപ സംഭാവനയും നല്കി. ഇന്ത്യയുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ് രാമനെന്നായിരുന്നു സംഭാവന നല്‍കിയശേഷമുള്ള അവരുടെ പ്രതികരണം.
ഓരോ ഇന്ത്യക്കാരനും രാമക്ഷേത്രത്തിന് സംഭാവന നല്‍കണമെന്ന് തനിക്ക് തോന്നിയതു കൊണ്ടാണ് സംഭാവന നല്‍കുന്നതെന്നും അപര്‍ണ്ണ വ്യക്തമാക്കിയിരുന്നു. കുടുംബം മുന്‍കാലങ്ങളില്‍ ചെയ്ത പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നും കര്‍സേവകര്‍ക്കെതിരെ വെടിവെക്കാന്‍ യുപി പോലീസിന് ഉത്തരവ് നല്കിയ മുഖ്യമന്ത്രി മുലായംസിങ്ങ് യാദവിന്റെ നടപടിയെ വിമര്‍ശിച്ച് അപര്‍ണ വ്യക്തമാക്കിയിരുന്നു.
ബിജെപി മന്ത്രിമാരെയും എംഎല്‍എമാരെയും സ്വന്തം ക്യാമ്പിലെത്തിച്ച അഖിലേഷ് യാദവിന് കുടുംബത്തില്‍ നിന്നുതന്നെയുള്ള തിരിച്ചടിയായി മാറിയിരിക്കുകയാണ് അപര്‍ണയുടെ ബിജെപി പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: