കൊല്ലം: കൊവിഡ്-ഒമിക്രോണ്‍ വ്യാപന നിയന്ത്രണത്തിനായി മാനദണ്ഡപാലനം ഉറപ്പാക്കാന്‍ ശക്തമായ നടപടി ജില്ലയില്‍ കൈക്കൊള്ളുമെന്ന് കളക്ടര്‍. മാസ്ക് ധാരണം, അണുവിമുക്തമാക്കുന്നതിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേക പ്രവര്‍ത്തനവും നടത്തും. സാമൂഹ്യ അകലം പാലിക്കല്‍ ഉറപ്പാക്കാന്‍ താലൂക്ക്തലത്തില്‍ സ്ക്വാഡുകള്‍ പരിശോധന നടത്തുന്ന സംവിധാനം ഏര്‍പ്പെടുത്തിയെന്നും ദുരന്തനിവാരണ സമിതിയുടെ പ്രത്യേക അവലോകന യോഗത്തില്‍ അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് സമ്പൂര്‍ണമാക്കുന്നതിന് നടപടി സ്വീകരിക്കും. 15-18 പ്രായപരിധിയിലുള്ളവര്‍ക്ക് അതിവേഗം വാക്സിന് നല്‍കും. വിവിധ മേഖലകളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപീകൃതമാകുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ടിപിആര്‍ 30 കടന്നാല്‍ പൊതുപരിപാടികള്‍ വിലക്കും.
ചികിത്സാസൗകര്യങ്ങള്‍ നിലവില്‍ പര്യാപ്തമാണ്. സ്ഥിതിഗതി വിലയിരുത്തി ആവശ്യമെങ്കില്‍ വിപുലീകരിക്കും. സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങള്‍ സജ്ജമാക്കും. ഓക്സിജന്‍ ലഭ്യതയും കിടക്കകളുടെ എണ്ണവും ആവശ്യാനുസരണം വര്‍ധിപ്പിക്കും. വെന്റിലേറ്റര്‍-അടിയന്തര പരിചരണ യൂണിറ്റ് എന്നിവയും രോഗവ്യാപനത്തിന് ആനുപാതികമായി ഒരുക്കും. നിലവില്‍ ആശങ്കയ്ക്ക് ഇടയാക്കാത്ത വിധമാണ് സജ്ജീകരണങ്ങള്‍. സ്കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനമേധാവികള്‍ കൃത്യമായി അറിയിക്കണം. അത്തരം സ്ഥാപനങ്ങള്‍ അടച്ചിടുകയും വേണം. ഗ്രാമസഭകള്‍ ഓണ്‍ലൈനായി മാത്രം ചേരണം. ആരാധാനാലയങ്ങളിലെ ചടങ്ങുകള്‍ക്കും നിശ്ചിത എണ്ണം പേരുടെ മാത്രം പങ്കാളിത്തം ഉറപ്പാക്കണം. ആള്‍ക്കൂട്ട സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം.
ബസ്സുകളില്‍ ട്രിപ്പുകളുടെ ഇടവേളയില്‍ സാനിറ്റൈസ് ചെയ്യണം. തിരക്ക് പരമാവധി ഒഴിവാക്കി സര്‍വീസ് നടത്തണം. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായി ഇരിപ്പിടം ക്രമീകരിക്കണം. സിനിമ പ്രദര്ശനത്തിനണ്ടും സമാന രീതി പിന്തുടരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കുട്ടികളെ സംഘടിപ്പിച്ചുള്ള യാത്രകള്‍ ഒഴിവാക്കണം. ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയും ബോധവത്കരണവും ശക്തിപ്പെടുത്തും. മീന്‍പിടിത്ത മേഖലയിലും ഇതേ പ്രവര്‍ത്തനം നടത്തും എന്നും കളക്ടര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ഡിഎംഒ ഡോ. ബിന്ദു മോഹന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്, റൂറല്‍ എസ്പി കെ.ബി. രവി, എഡിഎം എന്‍. സാജിതാ ബീഗം, ആര്‍ടിഒ ഡി. മഹേഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: