ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ പ്രോഗ്രാം സംപ്രേഷണം നടത്തിയെന്ന് ആരോപണത്തില്‍ സീ തമിഴ് ചാനലിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്. പ്രധാനമന്ത്രിയെ പരിഹസിക്കുന്ന പരിപാടി ചാനലിലൂടെ പുറത്തുവിട്ടെന്ന് ആരോപിട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നല്കിയ പരാതിയിലാണ് നടപടി. വിഷയത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും, മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിനെതിരെ നടപടി കൈക്കൊള്ളുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നല്കിയ നോട്ടീസില്‍ പറയുന്നത്.
ഇത് കൂടാതെ പരിപാടി സമൂഹ മാധ്യമങ്ങളിലും മറ്റും പരിപാടിയുടെ വീഡിയോ പ്രചരിക്കുന്നത് തടയണമെന്ന് ചാനല്‍ അധികൃതരോട് ബിജെപി സംസ്ഥാന ഐടി സോഷ്യല്‍ മീഡിയ സെല്‍ പ്രസിഡന്റ് സിടിആര്‍ നിര്‍മ്മല്‍ കുമാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സീ തമിഴ് ചാനലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ സീസണ് 4ലെ മത്സരാര്‍ത്ഥികളായ രണ്ടു കുട്ടികളാണ് മോദിയെ അവഹേളിക്കുന്ന വിധത്തില്‍ പരിപാടി അവതരിപ്പിച്ചത്. തമിഴ്ഹാസ്യ നടന് വടിവേലുവിന്റെ കഥാപാത്രങ്ങളെ അനുകരിച്ച് നോട്ട് നിരോധനം, പ്രധാനമനന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകള്‍ എന്നിവയെല്ലാം പരിഹസിച്ചാണ് പരിപാടി അവതരിപ്പിച്ചത്.
കുട്ടികളുടെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള സ്കിറ്റ് അവതരണത്തെ വിധികര്‍ത്താക്കളും അവതാരകരും മറ്റും കൈയടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. വിവാദ പരിപാടിക്ക് ചാനല്‍ അധികൃതര്‍ നിയമപരമായും ധാര്‍മികമായും ഉത്തരവാദികളായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ മുന്നറിയിപ്പുണ്ട്. സംഭവം വിവാദമായതോടെ ചാനലിന്റെ വെബ്സൈറ്റില്‍നിന്ന് പ്രസ്തുത ഭാഗം നീക്കം ചെയ്യുമെന്നും പുനഃസംപ്രേഷണം ചെയ്യില്ലെന്നും ചാനല്‍ മേധാവികള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: